സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇഡിയുടേത് രാഷ്ട്രീയ പ്രേരിത കേസാണെന്നും സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും സിപിഎം നേതാക്കൾ പ്രതികരിച്ചു. വിധിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് സിപിഎം തീരുമാനം.
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിൽ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി സിപിഎം മുതിർന്ന നേതാക്കളായ പി ജയരാജനും എംവി ജയരാജനും. ഇഡിയുടേത് രാഷ്ട്രിയ പ്രേരിത കള്ളക്കേസ് ആണെന്ന് എംവി ജയരാജൻ പറഞ്ഞു. ഇഡി സർക്കാരിന് നൽകിയ അതേ കത്താണ് കോടതിയിലും. ഇത്തരം ഹർജി വന്നാൽ ബന്ധപ്പെട്ടവരെ കേൾക്കേണ്ടത് സാമാന്യ നീതിയാണ്. അതിവിടെ ഉണ്ടായിട്ടില്ല. ജുഡീഷ്യറിയിൽ നിന്ന് തന്നെ ബന്ധപ്പെട്ടവരെ കേൾക്കാതെ വിധി വരുന്നുവന്നും എംവി ജയരാജൻ പറഞ്ഞു.
നിയമപരമായ തുടർ നടപടി വിധി പകർപ്പ് പരിശോധിച്ച ശേഷം മൊഴിയെടുത്തത് ഭീഷണിപ്പെടുത്തിയാണെന്ന് മൂന്ന് പേർ ഇതിനകം പറഞ്ഞിട്ടുണ്ട്. ഇഡി മെയ്ഡ് മൊഴികൾ കോടതിക്ക് മുന്നിലെത്തിയിരുന്നെങ്കിൽ ഈ വിധി ഉണ്ടാകുമായിരുന്നില്ല. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന ഏജൻസിയാണ് ഇഡിയെന്ന കോൺഗ്രസ് നിലപാട് സർക്കാരിന് ഉണ്ടെങ്കിൽ സർക്കാർ തന്നെ അപ്പീൽ പോകേണ്ടതാണെന്നും എംവി ജയരാജൻ പറഞ്ഞു. പിണറായി വിജയൻ വിരുദ്ധ സിന്റിക്കേറ്റാണ് ഷാജഹാൻ പി ജയരാജൻ പറഞ്ഞു. ഹർജിയുമായി പോയ ഷാജഹാൻ ലാവ്ലിൻ കേസിൽ, പിണറായിയെ വേട്ടയാടാൻ മുന്നിൽ നിന്ന ആളാണ്. സ്വാഭാവിക നീതിയുടെ നിഷേധം കോടതിയിൽ നിന്ന് ഉണ്ടായി. നിയമപരമായ വഴികൾ സിപിഎം തേടുമെന്നും പി ജയരാജൻ പറഞ്ഞു.
സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവ്. ഇഡി കത്തിൽ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിൻ്റെ വിധി.
സർക്കാരും സിപിഎമ്മും പ്രതിരോധത്തിൽ
മാസപ്പടി കേസിൽ പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചതോടെ സർക്കാരും സിപിഎമ്മും പ്രതിരോധത്തിലായിരിക്കുകയാണ്. ഇഡി കണ്ടെത്തിയ തെളിവുകളിൽ നേരിട്ട് കേസെടുത്താൽ വൻ ഡീൽ ആരോപണം കോൺഗ്രസിനെതിരെ വരും എന്ന വിലയിരുത്തൽ നിലവിലുണ്ട്. കൂടാതെ, കർത്തയുടെ ഡയറിക്കുള്ളിൽ കോൺഗ്രസ് നേതാക്കളുടെ പേരുകളും ഉണ്ട്. അതുകൊണ്ടുതന്നെ ഡയറിക്കുറിപ്പ് വെച്ച് അഴിമതി കേസ് എടുക്കാനാവില്ലെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ, കേസെടുക്കാൻ പര്യാപ്തമായ തെളിവുകൾ കത്തിൽ തന്നെ കൈമാറിയിട്ടുണ്ടെന്ന് ഇഡി ഹൈക്കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. പ്രാഥമിക പരിശോധന നടത്തിയാണ് തങ്ങൾ തെളിവ് കൈമാറിയതെന്നും അതിന് മേൽ വീണ്ടും പ്രാഥമിക പരിശോധന എന്തിനെന്നുമായിരുന്നു ഇഡി നിലപാട്.
ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി
പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാമെന്ന ഉത്തരവിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി. നിയമപരമായും രാഷ്ട്രീയപരമായും സിപിഎം നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. കോടതി എല്ലാം പരിശോധിക്കണം. ഷോൺ ജോർജ് പുറത്തുവിട്ട ലിസ്റ്റിൽ ബിജെപിയുടെ തല തൊട്ടപ്പന്മാരും ഉണ്ട്. അപ്പോൾ അതെല്ലാം കോടതി പരിശോധിക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.



