വിഎസിന്‍റെ അഭാവം സിപിഎം എന്തും ചെയ്യാനുള്ള ലൈസൻസാക്കിയിരിക്കുകയാണെന്ന് കെ മുരളീധരന്‍
ആലപ്പുഴ: സിപിഎം കത്ത് ചോര്‍ച്ച വിവാദത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍. വിഷയത്തില്‍ സിപിഎം പ്രതിക്കൂട്ടിലാണെന്നും ആരോപണങ്ങളെ അവഗണിക്കാനാണ് നീക്കമെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. വെറുക്കപ്പെട്ടവരുമായിട്ടാണ് സിപിഎമ്മിന് ചങ്ങാത്തം. വിഎസിന്‍റെ അഭാവം സിപിഎം എന്തും ചെയ്യാനുള്ള ലൈസൻസാക്കിയിരിക്കുകയാണ്. വിഷയത്തില്‍ ഗോവിന്ദൻ മൗനം വെടിയണം. തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ തൊലിപൊളിക്കും എന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാജേഷ് കൃഷ്ണ കേരളത്തിലെ പദ്ധതികളുടെ ഇടനിലക്കാരനാണോയെന്ന ചോദ്യമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉന്നയിക്കുന്നത്. രാജേഷ് കൃഷ്ണയും സിപിഎം നേതാക്കളും തമ്മിൽ ബന്ധമുണ്ട്, സുഹൃത്തുക്കളുണ്ടാവുന്നതിൽ തെറ്റില്ല. എന്നാൽ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ ഉണ്ടാകുന്നതാണ് പ്രശ്നം. മേഴ്സിക്കുട്ടിയമ്മ മന്ത്രിയായിരുന്ന കാലത്തെ പദ്ധതിയിലേക്ക് രാജേഷ് കൃഷ്ണ എന്തിന് പണമയച്ചു എന്നും വിഡി സതീശന്‍ ചോദിച്ചു. നിലവില്‍ കത്തുവിവാദം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും നേതാക്കൾ ഒഴിഞ്ഞു മാറുകയാണ്.

