പി ശ്രീരാമകൃഷ്ണൻ, ശ്യാം ഗോവിന്ദൻ, എം ബി രാജേഷ്, തോമസ് ഐസക് എന്നിവരുടെ ബെനാമിയാണ് രാജേഷെന്ന് പരാതിയിൽ ആരോപിക്കുന്നു

കോഴിക്കോട്: പാർട്ടി കമ്മിറ്റികൾക്കും നേതാക്കൾക്കും നൽകിയ പരാതി അവഗണിച്ചതോടെ രാജേഷ് കൃഷ്ണക്കെതിരെ പരാതിയുമായി ഷെർഷാദ് ഡിജിപിയെയും സമീപിച്ചു. വിവാദ പ്രവാസി രാജേഷ് കൃഷ്ണയ്ക്കെതിരെ വ്യവസായി ഷെർഷാദ് രണ്ടു വർഷം മുമ്പ് പൊലീസിൽ നൽകിയ പരാതി ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഈ പരാതിയിൽ മുഹമ്മദ് ഷെർഷാദ് ഉന്നയിക്കുന്നത്. പി. ശ്രീരാമകൃഷ്ണൻ, ശ്യാം ഗോവിന്ദൻ, എം ബി രാജേഷ്, തോമസ് ഐസക് എന്നിവരുടെ ബെനാമിയാണ് രാജേഷ് കൃഷ്ണയെന്നും രാജേഷിന്‍റെ സ്ഥാപനങ്ങളെ മന്ത്രിമാരടക്കം വഴിവിട്ട് സഹായിച്ചുവെന്നും ഷെർഷാദ് ആരോപിച്ചു. 

കിങ്ഡം എന്ന സെക്യൂരിറ്റി സർവീസ് സ്ഥാപനത്തിൽ ശ്യാം ഗോവിന്ദൻ, എം ബി രാജേഷ്, തോമസ് ഐസക്, പി ശ്രീരാമകൃഷ്ണൻ എന്നിവർക്ക് അനധികൃത നിക്ഷേപമുണ്ടെന്നാണ് ഷെർഷാദ് ഡിജിപിക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നത്. എന്നാൽ, കെയർടേക്കര്‍ എന്ന് ഭാവിച്ചാണ് രാജേഷിന്‍റെ പ്രവർത്തനങ്ങൾ. എം ബി രാജേഷിന്‍റെ തെരഞ്ഞെടുപ്പ് കിങ്ഡം സെക്യൂരിറ്റി 13 ലക്ഷം രൂപ നൽകിയെനാണു മറ്റൊരു ആരോപണം. കുസാറ്റിൽ ജോലിക്കുള്ള കരാർ ഈ കമ്പനിക്ക് നൽകിയത് പി രാജീവ് ഇടപെട്ടാണെന്നും ഡിജിപിക്ക് നൽകിയ പരാതിയിലുണ്ട്. രണ്ടുവർഷം മുമ്പ് നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് ഷെർഷാദ്.

2022 ൽ രാജേഷ് കൃഷ്ണ തന്നെ ആക്രമിച്ചെന്നും എന്നാൽ, രാജേഷിന്‍റെ രാഷ്ട്രീയ സ്വാധീനം കാരണം പരാതി പിന്നീട് പൊലീസ് തള്ളുകയായിരുന്നുവെന്നും ഷെർഷാദ് പറയുന്നു. സർക്കാരിന്‍റെ നയങ്ങളിലും പരിപാടികളിലും ഇടപെട്ടു എന്നതിന് പുറമേ നേതാക്കൾക്ക് രാജേഷിന്‍റെ ഇടപാടുകളിൽ പങ്കുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ഷർഷാദ് ഉന്നയിക്കുന്നത്. 2023 ൽ ഡിജിപിക്കും ആദായനികുതി വകുപ്പിനുമാണ് പരാതി നൽകിയത്. ഇതിന്‍റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കത്ത് ചോര്‍ച്ച വിവാദത്തിനിടെയാണ് പൊലീസിൽ നൽകിയ പരാതിയുടെ വിവരങ്ങളും പുറത്തുവരുന്നത്.

YouTube video player