പിബിക്ക് വ്യവസായി നൽകിയ ഗുരുതര ആരോപണങ്ങളുള്ള പരാതി കോടതി രേഖയായി എത്തിയതിൽ പാർട്ടി നേതൃത്വത്തിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്

തിരുവനന്തപുരം: സിപിഎമ്മിനെ പിടിച്ചുലച്ച് പരാതി ചോർച്ചാ വിവാദം. പാർട്ടി നേതാക്കൾ യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നൽകിയ പരാതിയാണ് ചോർന്നത്. ചോർച്ചക്ക് പിന്നിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ മകൻ ശ്യാംജിത്താണെന്ന് കാണിച്ച് മാഹിയിലെ വ്യവസായി മുഹമ്മദ് ഷെർഷാദ് ജനറൽ സെക്രട്ടറി എംഎം ബേബിയ്ക്ക് കത്ത് നൽകി. മധുര പാർട്ടി കോൺഗ്രസിൽ പ്രതിനിധിയായ രാജേഷ് കൃഷ്ണയെ പുറത്താക്കിയത് ഷെർഷാദിന്‍റെ പരാതിയിലായിരുന്നു. 

നേതാക്കൾക്കെതിരായ അതിഗുരുതരമായ ആരോപണങ്ങൾ അടങ്ങിയ പിബിക്ക് ലഭിച്ച പരാതിയാണ് ചോര്‍ന്നത്. പരാതി ചോർന്നതിലും അടിമുടി ദുരൂഹത നിലനിൽക്കുന്നുണ്ട്. പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരായ മാനനഷ്ടക്കേസിലെ തെളിവായി രാജേഷ് കൃഷ്ണ തന്നെയാണ് ഷെർഷാദിന്‍റെ പരാതി ദില്ലി ഹൈക്കോടതിയിൽ ഹാജരാക്കുന്നത്. രാജേഷ് കൃഷ്ണയും സംസ്ഥാനത്തെ പ്രമുഖരായ പാർട്ടിനേതാക്കളുമായി വലിയ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് പരാതിയുടെ ഉള്ളടക്കം.

വിദേശത്തെ കടലാസ് സ്ഥാപനങ്ങളുമായി ചേർന്ന് രാജേഷ് കൃഷ്ണ സർക്കാർ പദ്ധതികളിൽ നിന്ന് പണം തട്ടി, ചെന്നൈയിൽ രജിസ്ട്രർ ചെയ്ത കമ്പനി വഴി വിദേശത്തു നിന്ന് പണം എത്തിച്ച് പാർട്ടി നേതാക്കളുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് കൈമാറി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. എംവി ഗോവിന്ദൻ, പി ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കളുടെ ലണ്ടൻ യാത്രയിൽ സഹായിയായത് രാജേഷ് കൃഷ്ണയാണ്. ഈ ബന്ധം ഉപയോഗിച്ച് മറ്റ് പല സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് ഷെർഷാദിന്‍റെ പരാതി. മാനനഷ്ടകേസിൽ ദില്ലി ഹൈക്കോടതി മാധ്യമങ്ങൾക്ക് അയച്ച നോട്ടീസിൽ പ്രധാന തെളിവായി ഈ പരാതിയാണ് നൽകിയത്. പിബിക്ക് കൊടുത്ത പരാതി രാജേഷ് കൃഷ്ണക്ക് കിട്ടിയതിന് പിന്നിൽ എംവി ഗോവിന്ദന്‍റെ മകൻ ശ്യാം ജിത്ത് ആണെന്നാണ് ഷെർഷാദിന്‍റെ ആരോപണം. ഇത് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ചൊവ്വാഴ്ച ഷെർഷാദ് എംഎ ബേബിക്ക് പുതിയ പരാതി നൽകിയത്.

കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായപ്പോഴാണ് ഷെർഷാദ് ആദ്യം രാജേഷ് കൃഷ്ണക്കെതിരെ പരാതി നൽകിയത്. കോടിയേരിയുടെ മരണശേഷം നടന്ന പാർട്ടി കോൺഗ്രസിൽ രാജേഷ് യുകയിൽ നിന്നുള്ള പാർട്ടി പ്രതിനിധിയായെത്തി. ഇതോടെ ഷെർഷാദ് പിബി അംഗം അശോക് ധാവ്ളെക്ക് നേരിട്ട് പരാതി നൽകി ഇതിനുപിന്നാലെയാണ് പാർട്ടി കോൺഗ്രസിൽ നിന്ന് രാജേഷ് കൃഷ്ണയെ പുറത്താക്കുന്നത്. പരിശോധിക്കാനാവശ്യപ്പെട്ട് പിബി സംസ്ഥാന നേതൃത്തിന് കൈമാറിയ പരാതിയാണ് പുറത്തുവന്നത്. പത്തനംതിട്ടയിലെ മുൻ എസ്എഫ്ഐ നേതാവായ രാജേഷ് കൃഷ്ണ നേതാക്കളുമായുള്ള ബന്ധം ദുരുപയോഗം ചെയ്യുന്നതിൽ ഒരു വിഭാഗം നേതാക്കൾക്ക് നേരത്തെ അമർഷമുണ്ട്. ഇതിനിടയിലാണ് പാർട്ടിക്ക് ലഭിച്ച പരാതിയും ചോരുന്നത് . പുതിയ വിവാദത്തിൽ രാജേഷ് കൃഷ്ണ ഇതുവരെ പ്രതികരിച്ചിട്ടില്ല.

YouTube video player

YouTube video player