കണ്ണൂർ: സിപിഎം ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്ന് വിശേഷിപ്പിക്കുന്ന പുഷ്പന്റെ സഹോദരൻ ശശി ബിജെപിയിൽ ചേർന്നു. പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് ശശി പറഞ്ഞു. തലശേരി ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബുവാണ് ശശിക്ക് അംഗത്വം നൽകി സ്വീകരിച്ചത്.

സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നത്തിൽ 1994 നവംബർ 25 ന് കൂത്തുപറമ്പിൽ മന്ത്രി എംവി രാഘവനെ ഡിവൈഎഫ്ഐ തടഞ്ഞപ്പോൾ നടന്ന വെടിവയ്പ്പിനിടയിലാണ് പുഷ്പന് വെടിയേറ്റത്. ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രാജീവൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. റോഷൻ, പ്രവർത്തകരായ വി. മധു, ഷിബുലാൽ, കുണ്ടുചിറ ബാബു എന്നിവർ അന്നത്തെ വെടിവയ്പ്പിൽ മരിച്ചു. പുഷ്പനെ കൂടാതെ മാങ്ങാട്ടിടം മങ്ങാട് സജീവൻ, കൂത്തുപറമ്പ് ചാലിൽ സജീവൻ, തലശ്ശേരി കപ്പണപുങ്ങാംചേരി പ്രസാദ് എന്നിവർക്കും പരിക്കേറ്റു.

പുഷ്പന് കഴുത്തിന് പിന്നിലാണ് വെടിയേറ്റത്. സുഷുമ്ന നാഡിയിൽ ഗുരുതരമായ പരിക്കേൽപ്പിച്ചു. നീണ്ട ചികിത്സയ്ക്ക് ഒടുവിൽ ജീവൻ തിരികെ കിട്ടിയെങ്കിലും അന്ന് മുതൽ പുഷ്പൻ കിടപ്പിലാണ്. സിപിഎമ്മിന്റെ ശക്തമായ സംരക്ഷണ വലയത്തിനുള്ളിലാണ് പുഷ്പനും കുടുംബവും കഴിയുന്നത്. പുഷ്പന്റെ ജേഷ്ഠ സഹോദരനാണ് ബിജെപിയിൽ അംഗത്വം എടുത്ത ശശി.