സന്ദീപിന്റെ നെഞ്ചില്‍ ഒമ്പത് കുത്തുകളേറ്റെന്നാണ് സൂചന. ഇതില്‍ ആഴത്തിലുള്ള രണ്ട് കുത്തുകളാണ് മരണത്തിന് പ്രധാന കാരണമെന്നും പറയുന്നു. സന്ദീപ് താമസിക്കുന്ന പ്രദേശം നേരത്തെ ബിജെപി- ആര്‍എസ്എസ് സ്വാധീന മേഖലയായിരുന്നു. 

തിരുവല്ല: സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപിന്റെ (CPM local secretary PB Sandeep) കൊലപാതകത്തിന് (Murder) പിന്നില്‍ ആര്‍എസ്എസ് ആണെന്ന് (RSS) സിപിഎം (CPM). ആസൂത്രിതമായാണ് സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയത്. സന്ദീപിന്റെ നെഞ്ചില്‍ ഒമ്പത് കുത്തുകളേറ്റെന്നാണ് സൂചന. ഇതില്‍ ആഴത്തിലുള്ള രണ്ട് കുത്തുകളാണ് മരണത്തിന് പ്രധാന കാരണമെന്നും പറയുന്നു. സന്ദീപ് താമസിക്കുന്ന പ്രദേശം നേരത്തെ ബിജെപി- ആര്‍എസ്എസ് സ്വാധീന മേഖലയായിരുന്നു. എന്നാല്‍ സന്ദീപിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തില്‍ പാര്‍ട്ടി അവിടെ ശക്തിപ്പെട്ടു. 

കഴിഞ്ഞ കുറച്ചു ദിവസമായി പെരിങ്ങര മേഖലയില്‍ ആര്‍എസ്എസ് -സിപിഎം ചില സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു എന്ന സൂചന ലഭിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ബൈക്കില്‍ എത്തിയ മൂന്നംഗ സംഘമാണ് സന്ദീപിനെ വെട്ടിയതെന്നാണ് വിവരം. ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പസമയത്തിനകം മരണം സ്ഥിരീകരിച്ചു. ചാത്തങ്കരിയിലെ വഴിയില്‍ കലുങ്കില്‍ ഇരിക്കുകയായിരുന്ന സന്ദീപിനെ അക്രമി സംഘം ബൈക്കിലെത്തി വെട്ടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സന്ദീപിന്റെ വലത് നെഞ്ചില്‍ ആഴത്തിലുള്ള രണ്ട് കുത്തേറ്റിരുന്നുവെന്നാണ് അറിയുന്നത്.

സന്ദീപിന്റെ കൊലപാതകം വലിയ ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണെന്ന് സിപിഎം തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് ആന്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വൈകിട്ട് അഞ്ച് മണി വരെ പാര്‍ട്ടി സമ്മേളനങ്ങളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് സന്ദീപ് ഏരിയ കമ്മിറ്റി ഓഫീസിലുണ്ടായിരുന്നു. ആക്രമത്തില്‍ ആഴത്തിലുള്ള മുറിവാണ് സന്ദീപിന് ഏറ്റത്. ഇതൊരു ആസൂത്രിതമായ കൊലപാതകമാണ് എന്നാണ് സംശയിക്കുന്നത്. നിരവധി തവണ സന്ദീപിന് കുത്തേറ്റിട്ടുണ്ട്.

തിരുവല്ല മേഖലയില്‍ പാര്‍ട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. വളരെ ജനകീയനായ അദ്ദേഹത്തെ ഐക്യകണ്‌ഠേനയാണ് ലോക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുത്തത്. മുന്‍കാലത്ത് കാര്യമായ രാഷ്ട്രീയ സംഘര്‍ഷങ്ങളൊന്നും ഇല്ലാതിരുന്ന സ്ഥലമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകവിവരം പുറത്തു വന്നതിന് പിന്നാലെ സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട്.

കൊലപാതകത്തില്‍ സിപഎം പ്രതിഷേധിച്ചു; ഗൂഢാലോചന പുറത്തുകൊണ്ടുവരണം

തിരുവനന്തപുരം: തിരുവല്ലയില്‍ സിപിഐ എം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. നാടിനെ നടുക്കിയ കൊലപാതകമാണ് നടന്നിട്ടുള്ളത്. ആര്‍എസ്എസിന്റെ കൊലക്കത്തിക്കിരയായി സിപിഎം പ്രവര്‍ത്തകര്‍ നിരന്തരം രക്തസാക്ഷികളാവുകയാണ്. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമം. സിപിഎമ്മിന്റെ കേഡര്‍മാരെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കം കൊലപാതകത്തിന് പിന്നിലുണ്ട്. സംഭവത്തിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ആര്‍ എസ്എസ് സൃഷ്ടിക്കുന്ന പ്രകോപനത്തില്‍ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി ഹീന കൊലപാതത്തിലുള്ള ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരാന്‍ മുഴുവനാളുകളും തയ്യാറാവണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.