കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണൻ ഉയർത്തിയ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പയ്യന്നൂരിലെ പ്രാദേശിക ഘടകങ്ങളെ ബോധവൽക്കരിക്കാൻ യോഗം വിളിച്ചിരിക്കുകയാണ്.
കണ്ണൂർ : കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണൻ ഉയർത്തിയ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ദോഷകരമായി ബാധിച്ചേക്കുമെന്ന ഭയത്തിൽ സിപിഎം. വി കുഞ്ഞികൃഷ്ണനെ പുറത്താക്കി പാർട്ടി മുഖം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും, അണികളിൽ ഒരു വിഭാഗം ആരോപണത്തിൽ കഴമ്പുണ്ടെന്ന് വിശ്വസിക്കുന്നു. തെരഞ്ഞെടുപ്പിന് മുമ്പ്, ഈ നീക്കമുണ്ടാക്കിയ ക്ഷീണം മറികടക്കാൻ പയ്യന്നൂരിലെ പാർട്ടി പ്രാദേശിക ഘടകങ്ങളെ ബോധവൽക്കരിക്കാനൊരുങ്ങുകയാണ് സിപിഎം. പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് കീഴിൽ ഇന്ന് യോഗം വിളിച്ചു. 12 ലോക്കൽ കമ്മിറ്റികളിലും സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച ആരോപണത്തിൽ പാർട്ടി വിശദീകരണം നൽകും. ഒപ്പം വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ സാഹചര്യവും റിപ്പോർട്ട് ചെയ്യും. രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ ധനാപഹരണം ഉണ്ടായിട്ടില്ലെന്നും വി കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കൈക്കോടാലിയായി പ്രവർത്തിക്കുന്നുവെന്നുമാണ് ജില്ലാ നേതൃത്വം വിശദീകരിക്കുക.
അതേസമയം കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രദേശത്ത് പ്രകടനങ്ങൾ ഉണ്ടായത് ഗൗരവത്തോടെയാണ് പാർട്ടി നേതൃത്വം നോക്കികാണുന്നത്. വി കുഞ്ഞികൃഷ്ണൻ സൂചിപ്പിച്ച റിയൽ എസ്റ്റേറ്റ് സംഘം കടല എന്നവട്ടപേരിൽ അറിയപ്പെടുന്ന സഹോദരന്മാരാണ്. പയ്യന്നൂരിലെയും സംസ്ഥാനത്തെ നേതൃത്വത്തിലെയും പാർട്ടിയിലെ പ്രമുഖർക്ക് ഇവരുമായി ബന്ധമുണ്ട്. 10 വർഷത്തിനിടെ അത്ഭുതകരമായ സാമ്പത്തിക വളർച്ച ഇവർ നേതാക്കളുടെ ബിനാമികളെന്നാണ് പാർട്ടിയിലെ ആരോപണം. 2022ൽ ഫണ്ട് തട്ടിപ്പ് വിവാദ കാലത്ത് ഇവർക്കെതിരെ പ്രദേശത്ത് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
വി. കുഞ്ഞികൃഷ്ണനെ പുറത്താക്കി
പാർട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയത്. കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായി മാറിയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 2022 ഏപ്രിൽ മാസം ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണൻ വീണ്ടും ആരോപിച്ചതെന്നും, ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തോടെ പാർട്ടിശത്രുക്കളുടെ കോടാലി കൈ ആയി മാറിയെന്നും രാഗേഷ് കുറ്റപ്പെടുത്തി. കുഞ്ഞികൃഷ്ണൻ ഉത്തമനായ കമ്മ്യൂണിസ്റ്റ് അല്ലെന്നും പാർട്ടിയെ വഞ്ചിച്ച ആളാണെന്നും ആരോപിച്ചാണ് പുറത്താക്കൽ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അഭിമുഖത്തിന് സമയം തിരഞ്ഞെടുത്തു. കുഞ്ഞികൃഷ്ണൻ പാർട്ടിയെ പിന്നിൽ നിന്ന് കുത്തിയെന്നും സിപിഎം ആരോപിക്കുന്നു. എന്ന രക്ഷസാക്ഷി തട്ടിപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് കണക്ക് പാർട്ടിയെ ബോധിപ്പിക്കുമെന്നായിരുന്നു മറുപടി.


