Asianet News MalayalamAsianet News Malayalam

സിപിഎം നേതൃയോ​ഗങ്ങൾക്ക് തുടക്കം,സർക്കാരിന്റെ പ്രവർത്തനവും ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കവും ചർച്ചക്ക്

തോമസ് ഐസകിൽ തുടങ്ങി മുഖ്യമന്ത്രിയിലേക്ക് വരെ ഇഡി എത്താനിടയുണ്ടെന്ന സംശയം നിലനിൽക്കെ രാഷ്ട്രീയമായി ഈ സാഹചര്യം എങ്ങനെ നേരിടാമെന്നതിനെ കുറിച്ച് നേതൃയോഗത്തിൽ ആലോചനയുണ്ടാകും

cpm meetings starts today
Author
Thiruvananthapuram, First Published Aug 8, 2022, 5:44 AM IST

തിരുവനന്തപുരം : സി പി എം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക്(cpm state meeting) ഇന്ന് തുടക്കമാകും. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള(loksabha election) മുന്നൊരുക്കങ്ങളുമാണ് 5 ദിവസം നീളുന്ന നേതൃയോഗങ്ങളുടെ പ്രധാന അജണ്ട. ഇന്നും നാളെയും സെക്രട്ടേറിയറ്റും അടുത്ത മൂന്ന് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുന്നത്. 

ഇഡിക്ക് മുന്നില്‍ തോമസ് ഐസക്ക് ഹാജരാകണമോ എന്നതാണ് പാർട്ടിയെ കുഴയ്ക്കുന്ന ചോദ്യം. ഹാജരാകേണ്ടതില്ലെന്നും ചോദ്യങ്ങൾക്ക് മറുപടി എഴുതി നൽകിയാൽ മതിയെന്നും നിയമോപദേശം ഉണ്ട്. തോമസ് ഐസകിൽ തുടങ്ങി മുഖ്യമന്ത്രിയിലേക്ക് വരെ ഇഡി എത്താനിടയുണ്ടെന്ന സംശയം നിലനിൽക്കെ രാഷ്ട്രീയമായി ഈ സാഹചര്യം എങ്ങനെ നേരിടാമെന്നതിനെ കുറിച്ച് നേതൃയോഗത്തിൽ ആലോചനയുണ്ടാകും. 

കര്‍ക്കിടകം ഒന്നിന് ഫേസ്ബുക്കിലിട്ട പോസ്റ്റിൽ പി.ജയരാജന്റെ നടപടിയും ചർച്ചയായേക്കും. തെറ്റിദ്ധാരണയുണ്ടാക്കിയെന്ന പാര്‍ട്ടി വിമര്‍ശനം അംഗീകരിച്ചെങ്കിലും തെറ്റുപറ്റിയതായി പി ജയരാജൻ സമ്മതിച്ചിട്ടില്ല

'കേരളാ കോൺഗ്രസുമായി ചേർന്ന് ഒതുക്കാന്‍ നോക്കുന്നു'; സിപിഐ കോട്ടയം സമ്മേളനത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനം

കോട്ടയം: സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിലെ  സംഘടനാ റിപ്പോർട്ട്.  കേരളാ കോൺഗ്രസുമായി ചേർന്ന്  സിപിഎം സിപിഐയെ ഒതുക്കാൻ  ശ്രമിക്കുന്നു എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് സിൽവർ ലൈൻ നടപ്പിലാക്കാൻ ശ്രമിച്ചത് തിരിച്ചടിയായി എന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. 

സിപിഎം മന്ത്രിമാരിൽ ചിലർ ബൂർഷാ പാർട്ടിയുടെ മന്ത്രിമാരെ പോലെ പെരുമാറുന്നു. എല്‍ഡിഎഫിന്റെ മാതൃകാ പദ്ധതി എച്ച്എന്‍എല്‍ വ്യവസായ മന്ത്രി ഏകപക്ഷീയമായി കൈകാര്യം ചെയ്യുന്നു എന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.  സിപിഐ പത്തനംതിട്ട സമ്മേളനത്തിലും നേതാക്കള്‍ക്കും സിപിഎമ്മിനും മന്ത്രിമാര്‍ക്കുമെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. 

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും പത്തനംതിട്ട  ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു.  മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയെ പോലെയാണ്  കാനം രാജേന്ദ്രൻ പ്രവർത്തിക്കുന്നതെന്നാണ് സമ്മേളനത്തിലുയര്‍ന്ന പ്രധാന വിമര്‍ശനം. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന തെറ്റുകൾ ന്യായീകരിക്കാനാണ് സിപിഐ സെക്രട്ടറി ശ്രമിക്കുന്നത്.  തെറ്റായ വിഷയങ്ങളിൽ എതിർ ശബ്ദങ്ങളോ വിമർശനങ്ങളോ ഉന്നയിക്കാൻ സെക്രട്ടറി തയ്യാറാകുന്നില്ലെന്നും ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ തുറന്നടിച്ചു.  മുൻ എംഎൽഎ എൽദോ എബ്രഹാമിനെ പൊലീസ് മർദ്ദിച്ചപ്പോഴടക്കം പാർട്ടി സെക്രട്ടറിയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നുവെന്നും പ്രതിനിധികൾ വിമ‍ര്‍ശിക്കുന്നു. 

ഇടതുപക്ഷ മുന്നണിക്ക് ചേരുന്നതല്ല മന്ത്രി വീണാ ജോര്‍ജിന്റെ പ്രവർത്തനങ്ങളും പെരുമാറ്റവുമെന്നാണ് സിപിഐ നേതാക്കളുടെ കുറ്റപ്പെടുത്തല്‍. ആരോഗ്യവകുപ്പിനെ നിയന്ത്രിക്കാൻ മന്ത്രിക്ക് കഴിയുന്നില്ലെന്നും മുൻ മന്ത്രി കെ കെ ശൈലജയുടെ കാലത്തെ നല്ല പേരും പ്രവ‍ര്‍ത്തനങ്ങളിലെ മികവും രണ്ടാം ഇടത് സ‍ര്‍ക്കാരിൽ വീണാ ജോർജ് ഇല്ലാതാക്കിയെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തുന്നു. ഡെപ്യൂട്ടി സ്പീക്ക‍ര്‍ ചിറ്റയം ഗോപകുമാറും വീണാ ജോർജും തമ്മിലുള്ള പ്രശ്നം മുന്നണിക്ക് തന്നെ നാണക്കേട് ഉണ്ടാക്കി. മന്ത്രിയുടെ പിടിവാശിയാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്നും സംഘടനാ റിപ്പോ‍ര്‍ട്ടില്‍ പരാമ‍ര്‍ശം ഉണ്ട്.  

Follow Us:
Download App:
  • android
  • ios