ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകി കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നീക്കം. 

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരുന്നത് സിപിഎം സജീവമായി പരിഗണിക്കുന്നു. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകി കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നീക്കം. 

സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതിയും തള്ളിയിരുന്നു. 2022 ജൂലൈ 3 ന് പത്തനംതിട്ട മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിന്‍റെ പേരിലാണ് ജൂലൈ ആറിന് സജി ചെറിയാൻ രാജിവെച്ചത്. സജിക്ക് പകരം പുതിയ മന്ത്രിയെ ഉൾപ്പെടുത്തിയിരുന്നില്ല. വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് നൽകി കേസ് തീരാൻ കാത്തിരിക്കുകയായിരുന്നു സിപിഎം.

Also Read:'സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ല': കേസന്വേഷണം അവസാനിപ്പിച്ച് പൊലീസ്, കോടതിയിൽ റിപ്പോർട്ട് നൽകി

സജി ചെറിയാനെതിരെ തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന കാരണത്താലാണ് അന്വേഷണം കേസിൽ അവസാനിപ്പിച്ചത്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സജി ചെറിയാനെതിരെയുള്ള കേസ് അവസാനിപ്പിച്ചത്. തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കേടതിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ജൂലൈ മൂന്നിന് മല്ലപ്പള്ളിയിൽ സജി ചെറിയാൻ നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നുമാണ് പൊലീസ് കണ്ടെത്തൽ. 

YouTube video player

യാദൃശ്ചികമായാണ് വിവാദ പരാമർശം ഉണ്ടായത്. പ്രസംഗം മുഴുവൻ കേട്ടാൽ ഇത് ബോധ്യമാകും. പരിപാടിയുടെ വേദിയിലുണ്ടായിരുന്ന എംഎൽഎമാരടക്കമുള്ളവരുടെ മൊഴികളും മുൻ മന്ത്രിക്ക് അനുകൂലമാണെന്നും പൊലീസ് കണ്ടെത്തി. പൊലീസിന് കിട്ടിയ ജില്ലാ പ്ലീഡറുടെ നിയമോപദേശത്തിലും ഏതൊരു പൗരനും ഭരണഘടനയെ വിമർശിക്കാൻ അവകാശമുണ്ടെന്ന് പറയുന്നു. പ്ലീഡറുടെ നിയമോപദേശം അടക്കം വിശദമായ റിപ്പോർട്ടാണ് പൊലീസ് കോടതിയില്‍ സമർപ്പിച്ചത്. 

എന്നാൽ പ്രസംഗത്തിന്‍റെ ശാസ്ത്രീയ പരിശോധന നടത്തിയിട്ടില്ലെന്നും സജി ചെറിയാന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് പരാതിക്കാരനായ അഭിഭാഷകൻ ബൈജു നോയലിന്‍റെ ആരോപണം. പൊലീസ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ ബൈജു നോയൽ പറഞ്ഞു.