Asianet News MalayalamAsianet News Malayalam

'ഗവർണർ മാപ്പ് പറയണം', പരസ്യ പ്രതിഷേധത്തിന് സിപിഎം; കണ്ണൂർ സർവകലാശാലയിൽ പ്രതിഷേധിക്കാൻ എംവി ജയരാജൻ എത്തും

സർവകലാശാല സംരക്ഷണ സമിതി എന്നപേരിൽ സി പി എമ്മാണ്  പരിപാടി സംഘടിപ്പിക്കുന്നത്. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുക

cpm open protest against governor arif mohammad khan
Author
Kannur, First Published Aug 24, 2022, 12:08 AM IST

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ വിഷയങ്ങളിൽ ഗവ‍ർണറുടെ നടപടിക്കെതിരെ സി പി എം പരസ്യ പ്രതിഷേധത്തിലേക്ക് കടക്കുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഇന്ന് കണ്ണൂർ സർവകലാശാലയിൽ പ്രതിഷേധ യോഗം നടത്താനാണ് തീരുമാനം. സർവകലാശാല സംരക്ഷണ സമിതി എന്നപേരിൽ സി പി എമ്മാണ്  പരിപാടി സംഘടിപ്പിക്കുന്നത്. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുക.

'ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച് ഗവര്‍ണര്‍'; കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ക്കെതിരെ വീണ്ടും വിമര്‍ശനം

അതേസമയം ഇന്നലെ രാത്രിയും കണ്ണൂർ സർവകലാശാല വിഷയങ്ങളിൽ നിലപാട് ആവ‍ർത്തിച്ച് ഗവർണർ രംഗത്തെത്തിയിരുന്നു. ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ടയെന്നാണ് ഗവർണർ വിളിച്ചത്. ഇർഫാൻ ഹബീബ് ചെയ്തത് തെരുവ് ഗുണ്ടയുടെ പണിയാണ്. ഇര്‍ഫാന്‍ ഹബീബിന്‍റെ പ്രവര്‍ത്തിയെ പ്രതിഷേധമെന്ന് വിളിക്കാനാകില്ല. ആക്രമണം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നാണ് വിമര്‍ശിച്ച ഗവര്‍ണര്‍, കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ക്കെതിരെയും വീണ്ടും രംഗത്തെത്തി. ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായത് ആസൂത്രിത ആക്രമണണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ദില്ലിയില്‍ ഗൂഡാലോചന നടത്തിയത് മുൻപേ അറിഞ്ഞിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഗൂഢാലോചനയില്‍ വിസിയും പങ്കാളിയാണ്. വിസിയുടെ ക്രിമിനല്‍ മനോഭാവം തുറന്നു കാണിക്കുകയാണ് തന്‍റെ ഉദ്ദേശ്യം. കേരളത്തില്‍ ഭരണഘടന സംവിധാനങ്ങള്‍ തകർന്നതിന്‍റെ തെളിവാണിതെന്നും വൈസ് ചാൻസിലർക്കുള്ള നടപടി പരിശോധിച്ചശേഷം തീരുമാനിക്കുമെന്നും ഗവർണർ ദില്ലിയില്‍ പറഞ്ഞു.

'ആത്മഗതം മൈക്കിൽ കൂടി വിളിച്ച് പറയാതിരുന്നാൽ ഫലം കുറയും'; ട്രോളുമായി ഷാഫി പറമ്പിൽ

ഗവർണറുടെ ആരോപണം എന്ത്?

ഇക്കഴിഞ്ഞ ദിവസമാണ് കണ്ണൂർ വി സി ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ ക്രിമിനൽ പ്രയോഗം നടത്തിയത്. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ കായികമായി തന്നെ നേരിടാന്‍ വൈസ് ചാന്‍സിലര്‍ ഒത്താശ ചെയ്തെന്ന് ആരോപിച്ചായിരുന്നു ഗവര്‍ണറുടെ ക്രിമിനൽ പരാമർശം. 2019 ല്‍ കണ്ണൂര്‍ സര്‍വ്വകാലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ അന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തന്‍റെ  പ്രസംഗത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതും പിന്നീട് കയ്യാങ്കളിയോളമെത്തിയതും ആസൂത്രിത സംഭവമായിരുന്നുവെന്നും അതിന് എല്ലാ ഒത്താശയും കണ്ണൂര്‍ വിസി ചെയ്തെന്നുമാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. തന്‍റെ എഡിസിക്ക് നേരെ കയ്യേറ്റമുണ്ടായി. ദില്ലി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നും വൈസ് ചാന്‍സിലര്‍ അതില്‍ പങ്കാളിയായിരുന്നുവെന്നും ഗവവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രപതിക്കോ ഗവര്‍ണ്ണര്‍ക്കോ നേരെ കയ്യേറ്റ ശ്രമമുണ്ടാകുന്നത് ഗുരുതരമായ കുറ്റമാണ്. എന്നാല്‍ സംഭവം പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്താനോ, താന്‍ നിര്‍ദ്ദേശിച്ച അന്വേഷണത്തോട് സഹകരിക്കാനോ വിസി തയ്യാറായില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു.

സിപിഎമ്മിന്‍റെ തിരിച്ചടി

രാജ്ഭവനെ ഗവർണർ സംഘപരിവാർ ഗൂഢാലോചനാ കേന്ദ്രമാക്കി മാറ്റിയെന്നായിരുന്നു സി പി എം നേതാക്കളുടെ തിരിച്ചടി. ഗവർണർ പദവിയും രാജ്ഭവനും ദുരുപയോഗം ചെയ്യരുത്. ഗവർണറുടെ നടപടി പ്രതിഷേധാർഹമെന്നുമാണ് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചത്. കണ്ണൂർ വി സിയ്ക്ക് പിന്തുണ നല്‍കുന്നെന്നും എല്‍ ഡി എഫ് പറഞ്ഞു. ഉന്നതമായ അക്കാദമിക പാരമ്പര്യമുള്ള അധ്യാപകനാണ് വി സിയെന്നും ഗവർണർ ആർ എസ് എസ് സേവകനെ പോലെ തരം താഴുന്നു എന്നും ഇ പി ജയരാജന്‍ പറഞ്ഞു. കേരള ഗവര്‍ണർ എല്ലാ സീമകളും ലംഘിക്കുകയാണെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞത്. കണ്ണൂര്‍ സര്‍വ്വകലാശാല വിസിക്കെതിരായ ക്രിമിനൽ പരാമർശം ദൗർഭാഗ്യകരമാണ്. അദ്ദേഹം ഗവർണർ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും ജയരാജന്‍ പറഞ്ഞു. ഡൽഹിയിൽ വച്ച് ഗൂഡാലോചന നടത്തിയെന്ന പരാമർശം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഗവർണർ പൗരത്വ ഭേദഗതിയെ ന്യായീകരിച്ചു. എന്നാൽ ചരിത്ര കോൺഗ്രസ് വേദി രാഷ്ട്രീയ വേദിയല്ല. ചരിത്ര കോൺഗ്രസ് വേദിയിൽ ഗവർണർ സംഘപരിവാറിന്‍റെ ശബ്ദമായി. അതാണ് അവിടെ പ്രതിഷേധമുണ്ടാകാൻ കാരണം. ഇങ്ങനെയൊക്കെ കള്ളം പറയാൻ ഈ പദവിയിലിൽ ഇരിക്കുന്ന ആൾക്ക് സാധിക്കുമോ? വൈസ് ചാൻസലർക്കെതിരായ വ്യക്തിഹത്യ പരാമർശം പിൻവലിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടിരുന്നു.

Follow Us:
Download App:
  • android
  • ios