ബാങ്കിന്‍റെ നോട്ടീസിന് പിന്നില്‍ തനിക്കെതിരെ പാര്‍ട്ടിയില്‍ കരുക്കള്‍ നീക്കുന്ന ചില ആളുകളാണെന്ന് എസ് രാജേന്ദ്രന്‍ ആരോപിച്ചു.


മൂന്നാര്‍: സഹകരണ ബാങ്കില്‍ നിന്നുമെടുത്ത വായ്പാ തുക തിരിച്ചടയ്ക്കാത്തതിന് മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് ബാങ്കിന്‍റെ നോട്ടീസ്. നാല് വര്‍ഷം മുമ്പാണ് സിപിഎമ്മിന്‍റെ മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ 2 ലക്ഷം രൂപ മൂന്നാര്‍ സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുത്തത്. എന്നാല്‍ വായ്പ തുക തിരിച്ച് അടയ്ക്കുന്നതില്‍ രാജേന്ദ്രന്‍ വീഴ്ച വരുത്തി. ഇപ്പോള്‍ പലിശയടക്കം 3.46 ലക്ഷത്തിന്‍റെ വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കണമെന്നാണ് ബാങ്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

ദേവികുളം സഹകരണ സംഘം അസി. രജിസ്റ്റാറാണ് രാജേന്ദ്രന് നോട്ടീസ് നല്‍കിയിരിക്കുന്നത്. 2018 ലാണ് രാജേന്ദ്രന്‍ ബാങ്കില്‍ നിന്നും പണം വായ്പ എടുത്തത്. കുടിശ്ശികയായതോടെ ബാങ്ക് പലതവണ നോട്ടീസ് അയച്ചെങ്കിലും തുക തിരിച്ചടയ്ക്കാനോ മറുപടി നല്‍കുന്നതിനോ രാജേന്ദ്രന്‍ തയ്യാറായില്ല. ഇതോടെയാണ് സഹകരണ സംഘം രജിസ്റ്റാറിന്‍റെ നേത്യത്വത്തില്‍ എസ് രാജേന്ദ്രന് നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം എം എല്‍ എ അഡ്വ. എ രാജയെ പരാജയപ്പെടുത്താന്‍ രാജേന്ദ്രന്‍ ശ്രമിച്ചെന്ന പാര്‍ട്ടിയുടെ കണ്ടെത്തലിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പാര്‍ട്ടി സസ്‌പെന്‍റ് ചെയ്തിരുന്നു. ഇതോടെ പാര്‍ട്ടിക്കെതിരെ പരസ്യ നിലപാടുമായി രാജേന്ദ്രന്‍ രംഗത്തെത്തുകയും ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തു. 

ബാങ്കിന്‍റെ നോട്ടീസിന് പിന്നില്‍ തനിക്കെതിരെ പാര്‍ട്ടിയില്‍ കരുക്കള്‍ നീക്കുന്ന ചില ആളുകളാണെന്ന് എസ് രാജേന്ദ്രന്‍ ആരോപിച്ചു. വായ്പ എടുത്ത തുക അടയ്ക്കുന്നതിന് പലവട്ടം ബാങ്കിനെ സമീപിച്ചെങ്കിലും മൊത്തം തുകയും അടയ്ക്കണമെന്നാണ് അധിക്യതര്‍ നിലപാട് എടുത്തത്. മൊത്തം തുക അടയ്ക്കാന്‍ നിലവിലെ സാഹചര്യത്തില്‍ തനിക്ക് കഴിയില്ലെന്നും ബാങ്ക് രജിസ്ട്രാറെ നേരില്‍ കണ്ട് പണം അടയ്ക്കുന്നതിന് സാവകാശം തേടുമെന്നും രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ കരുക്കള്‍ നീക്കിയ ചില വ്യക്തികള്‍ തന്നെയാണ് ഇതിനുപിന്നിലെന്നാണ് തന്‍റെ സംശയമെന്നും രാജേന്ദ്രന്‍ ആവര്‍ത്തിച്ചു. 

കൂടുതല്‍ വായനയ്ക്ക്: എസ് രാജേന്ദ്രന് ആശ്വാസം: രേഖകൾ പരിശോധിക്കാൻ ലാന്റ് റവന്യൂ കമ്മീഷണർക്ക് ഹൈക്കോടതി നിർദ്ദേശം

കൂടുതല്‍ വായനയ്ക്ക്: ഏഴ് ദിവസത്തിനകം വീട് ഒഴിയണം; എസ് രാജേന്ദ്രന് ദേവികുളം സബ് കളക്ടറുടെ നോട്ടീസ്