സമിതിയുടെ പരിധിയിൽ വരുന്ന പോക്സോ കേസിലെ പ്രതികൾക്ക് വേണ്ടി അംഗങ്ങളാവർ ഹാജരാകുന്നു എന്ന ആരോപണം മുൻ കാലങ്ങളിൽ ഉയർന്നിരുന്നു.
മലപ്പുറം : ചൈൽഡ് വെൽഫയർ കമ്മിറ്റി (child welfare committe)ജുവനെയിൽ ജസ്റ്റിസ് ബോർഡ് (juvenile justice board)നിയമനങ്ങളിൽ സിപിഎമ്മിൻറേയും (cpm)പോഷക സംഘടനകളുടെയും അംഗങ്ങളെ തിരുകി കയറ്റി എന്ന ആരോപണം ശക്തമാകുന്നു. സിപിഎം പൊന്നാനി സൗത്ത് മുൻ ലോക്കൽ സെക്രട്ടറി ആണ് മലപ്പുറത്തെ ശിശു ക്ഷേമ സമിതിയുടെ പുതിയ ചെയർമാൻ. മറ്റു ജില്ലകളിലും കുട്ടികളുടെ മേഖലയിൽ പ്രവർത്തിച്ചു വലിയ പരിചയം ഇല്ലാത്തവർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അംഗങ്ങൾ ആകുന്നതിനെതിരെ ശിശുക്ഷേമ രംഗത്തുള്ളവരിൽ നിന്നും എതിർപ്പ് ഉയരുന്നു.
കുട്ടികളുടെ സംരക്ഷണം, ചികിത്സ , പുനരധിവാസം എന്നിവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട സർക്കാർ സംവിധാനമായ ശിശുക്ഷേമ സമിതി നിയമനങ്ങളിൽ പോലും കക്ഷി രാഷ്ട്രീയം ഉണ്ട് എന്നത് ശരിവെക്കുന്നു മലപ്പുറം സിഡബ്യുസി
നിയമനങ്ങൾ.അഞ്ചു അംഗങ്ങളുടെ ഒഴിവിലേക്ക് നടന്ന അഭിമുഖത്തിൽ മലപ്പുറത്ത് നിന്നും പങ്കെടുത്തവർ 24 പേർ. ഷോർട്ട് ലിസ്റ്റ് ചെയ്യാത്തവർ പോലും വളഞ്ഞ വഴിയിലൂടെ അഭിമുഖത്തിനെത്തി ആക്ഷേപവും ഉയർന്നിരുന്നു. മതിയായ യോഗ്യത ഉള്ളവരെ കണ്ടെത്താനായില്ല എന്നത് ചൂണ്ടിക്കാട്ടി മലപ്പുറം, വയനാട്, കാസർകോട് ,ആലപ്പുഴ ജില്ലകളിലെ അന്തിമ പട്ടിക വനിത ശിശുക്ഷേമ ഡയറക്ടർ ടിവി അനുപമ റദാക്കി . വീണ്ടും വിജ്ഞാപനം ഇറക്കുകയും ചെയ്തു.
ഇതിനുപിന്നാലെ ഡയറക്ടർ സ്ഥാനത്തു നിന്ന് ടി.വി.അനുപമയെ നീക്കിയതും വിവാദമായി.മലപ്പുറത്ത് ഉൾപ്പെടെ മരവിപ്പിച്ച ആദ്യ പട്ടികയിൽ ഉൾപ്പെട്ട പലരും രണ്ടാമത്തെ വിജ്ഞാപനത്തിൽ വീണ്ടും അപേക്ഷ സമർപ്പിച്ചിരുന്നു.ഒടുവിൽ ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ സ്ഥാനത്തെത്തിയത് സിപിഎം പൊന്നാനി ലോക്കൽ സെക്രട്ടറി ചുമതല വഹിച്ചിരുന്ന അഡ്വ എ സുരേഷ്. ബാക്കിയുള്ള അംഗങ്ങൾക്കും സിപിഎം ബന്ധം ഉണ്ട്. വിവിധ ജില്ലകളിലെ നിയമനങ്ങളിലെ രാഷ്ട്രീയവൽക്കരണം കുട്ടികൾക്ക് നീതി ലഭിക്കുന്നതിന് തടസമാകുമെന്നാണ് വിലയിരുത്തൽ.
പല മേഖലകളിൽനിന്നുള്ള 5 പേർ സമിതിയിൽ വേണമെന്നാണ് നിർദേശം. അഞ്ചിൽ ഭൂരിഭാഗം അംഗങ്ങളും സിപിഎം ബന്ധമുള്ള അഭിഭാഷകർ ആയിട്ടുള്ള സി ഡബ്യു സികളും ഉണ്ട്. സമിതിയുടെ പരിധിയിൽ വരുന്ന പോക്സോ കേസിലെ പ്രതികൾക്ക് വേണ്ടി അംഗങ്ങളാവർ ഹാജരാകുന്നു എന്ന ആരോപണം മുൻ കാലങ്ങളിൽ ഉയർന്നിരുന്നു.
