Asianet News MalayalamAsianet News Malayalam

CPM : പത്തനംതിട്ടയിൽ പാർട്ടിക്കുള്ളിൽ കുലംകുത്തികളുണ്ട്, തിരുത്താൻ അറിയാം; പത്തനംതിട്ട ജില്ലാ സെക്രട്ടറി

ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരായ വിമർശനങ്ങൾക്കുള്ള മറുപടിയായാണ് ജില്ലാ സെക്രട്ടറിയുടെ കുലംകുത്തി പരാമർശം. 2016ലും 2021ലും വീണാ ജോർജ്ജിനെ തോൽപ്പിക്കാൻ ശ്രമിച്ചവർ പാർലമെന്ററി മോഹമുള്ളവരാണെന്നാണ് ഉദയഭാനുവിന്റെ ആക്ഷേപം

cpm pathanamthitta district secretary supports veena George and lashes out against critics in area convention
Author
Pathanamthitta, First Published Nov 28, 2021, 5:38 PM IST

പത്തനംതിട്ട: പത്തനംതിട്ടയിൽ പാർട്ടിക്കുള്ളിൽ കുലംകുത്തികളുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി. ഏരിയാ സമ്മേളനത്തിലെ ചർച്ചയ്ക്ക് മറുപടി പറയുമ്പോഴായിരുന്നു ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ പരാമ‌ർ‍ശം. കുലം കുത്തികൾ അടുത്ത സമ്മേളനം കാണില്ലെന്നും ഉദയഭാനു മുന്നറിയിപ്പ് നൽകി. 

ഇന്നലെയാണ് പത്തനംതിട്ട ഏരിയാ സമ്മേളനം തുടങ്ങിയത്. ഇന്ന് സമ്മേളനം അവസാനിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരെ രൂക്ഷമായ വിമർശനമാണ് സമ്മേളനത്തിൽ പങ്കെടുത്ത ഭൂരിഭാഗം പ്രതിനിധികളും നടത്തിയത്. ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞയടക്കം പാർട്ടി പ്രവർത്തകർ ചോദ്യം ചെയ്തു. മന്ത്രിയെ ഫോൺ വിളിച്ചാൽ എടുക്കുന്നു പോലുമില്ലെന്ന പരാതിയും പല പാർട്ടി പ്രവർത്തകരും ഉന്നയിച്ചിരുന്നു. ഈ വിമർശനങ്ങൾക്കെല്ലാമുള്ള മറുപടിയായാണ് ഉദയഭാനുവിന്റെ മുന്നറിയിപ്പ്.

ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരായ വിമർശനങ്ങൾക്കുള്ള മറുപടിയായാണ് ജില്ലാ സെക്രട്ടറിയുടെ കുലംകുത്തി പരാമർശം. 2016ലും 2021ലും വീണാ ജോർജ്ജിനെ തോൽപ്പിക്കാൻ ശ്രമിച്ചവർ പാർലമെന്ററി മോഹമുള്ളവരാണെന്നാണ് ഉദയഭാനുവിന്റെ ആക്ഷേപം. മന്ത്രി വീണാ ജോര്‍ജിനെതിരായ വ്യക്തിഹത്യ 2016ല്‍ തുടങ്ങിയതാണെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി ഇവരെ തിരുത്താൻ പാർട്ടിക്കറിയാമെന്നും മുന്നറിയിപ്പ് നൽകി. വീണാ ജോർജ്ജിനെ പൂർണ്ണമായും സംരക്ഷിക്കുന്ന നിലപാടാണ് ജില്ലാ സെക്രട്ടറിയുടേത്. 

വീണാ ജോർജ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരായ വിമർശനത്തിന് വിശ്വാസികൾക്ക് പാർട്ടി എതിരല്ലെന്നാണ് ഉദയഭാനു നൽകുന്ന മറുപടി. വീണ ജോർജ് ജനപ്രതിനിധിയായ ശേഷം പാർട്ടി അംഗത്വത്തിൽ വന്ന ആളാണെന്ന് ഓർമ്മിപ്പിച്ച ജില്ലാ സെക്രട്ടറി അവർ സംഘടനാ ചട്ടക്കൂടിലേക്ക് വരാൻ സമയമെടുക്കും എന്നും കൂട്ടിച്ചേർത്തു. ചിലർ മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകുന്നുവെന്നും ഉദയഭാനും ആരോപിച്ചു. 

Follow Us:
Download App:
  • android
  • ios