ദില്ലി:  കേരളത്തിൽ സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുക്കാൻ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം. സിബിഐക്ക് നൽകിയ പൊതു സമ്മതം എടത്ത് കളയാനാണ് തീരുമാനം. കേരളത്തിൽ സിബിഐയുടെ ഇടപെടലുകൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പോളിറ്റ് ബ്യൂറോ.  കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തൽ. കേന്ദ്ര കമ്മിറ്റിയിൽ പോലും ഇനിയൊരു വിശദമായ ചര്‍ച്ച ഇക്കാര്യത്തിൽ ആവശ്യമില്ലെന്നാണ് പാര്‍ട്ടിയുടെ ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്. സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തു കളയുന്നതുമായി ബന്ധപ്പെട്ട നിയമ പരിശോധനകൾ സംസ്ഥാനത്ത് നടന്ന് വരികയാണ്. അതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കും. 

മഹാരാഷ്ട്ര ഛത്തീസ്ഖഡ്,രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനകം തന്നെ സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തുകളഞ്ഞിട്ടുണ്ട്. പശ്തിമ ബംഗാളിലും സിബിഐ അന്വേഷണത്തിന് പൊതു സമ്മതം ഇല്ല. നാല് സംസ്ഥാനങ്ങൾക്ക് ശേഷം കേരളവും സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്ത് കളയാനാണ് തീരുമാനം. സംസ്ഥാന തലത്തിൽ ഇതിനായി നിയമപരമായ കൂടിയാലോചനകൾ തുടരും. നിലവിൽ സിപിഎം സംസ്ഥാന നേതൃത്വം ഇത്തരമൊരു നിര്‍ദ്ദേശം നേരത്തെ മുന്നോട്ട് വച്ചിരുന്നു. സിപിഎം ദേശീയ നേതൃത്വം ഇതിന് അനുമതി നൽകിയിരിക്കുകയാണ് ഇപ്പോൾ .