കഴിഞ്ഞ തവണ മത്സരിച്ച സിപിഎം നേതാവ് വി ശശികുമാര്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാനായിരുന്ന മുഹമ്മദ് സലീമിനെ പരിഗണിച്ചിരുന്നെങ്കിലും കൂടുതല്‍ സാധ്യത സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കാണെന്ന വിലയിരുത്തലിലാണ് സിപിഎം.

മലപ്പുറം: കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കഷ്ടിച്ച് രക്ഷപെട്ട പെരിന്തല്‍മണ്ണ ലീഗ് വിമതനെ ഇറക്കി പിടിക്കാൻ സിപിഎം നീക്കം. മലപ്പുറം നഗരസഭ മുൻ ചെയര്‍മാനും മുസ്ലീം ലീഗ് നേതാവുമായ കെ പി മുഹമ്മദ് മുസ്തഫയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് സിപിഎം ശ്രമം.

മുസ്ലീം ലീഗിന്‍റെ മലപ്പുറത്തെ ഉറച്ച കോട്ടകളിലൊന്നാണ് പെരിന്തല്‍മണ്ണ. 2006 ല്‍ കുറ്റിപ്പുറവും തിരൂരും മങ്കടയുമടക്കം കോട്ടകളിലെല്ലാം വിള്ളല്‍ വീണപ്പോള്‍ മാത്രമാണ് പെരിന്തല്‍മണ്ണയില്‍ തിരിച്ചടിയുണ്ടായത്. സിപിഎമ്മിലെ വി ശശികുമാര്‍ പി അബ്ദുള്‍ ഹമീദിനെ തോല്‍പ്പിച്ചാണ് അന്ന് പെരിന്തല്‍ണ്ണയില്‍ ചെങ്കൊടി പാറിച്ചത്. 2011ല്‍ ഇടതു സഹയാത്രികനായ മഞ്ഞളാംകുഴി അലിയെ ലീഗിലെത്തിച്ച് പെരിന്തല്‍മണ്ണ മുസ്ലീം ലീഗ് തിരിച്ചു പിടിച്ചു. 2016ലും വിജയം ആവര്‍ത്തിച്ചെങ്കിലും അലിയുടെ ഭൂരിപക്ഷം പതിനായിരത്തില്‍ നിന്ന് അഞ്ഞൂറിലത്തി. ഇതോടെ ഇത്തവണ പെരിന്തല്‍ണ്ണ ഇടതുമുന്നണിക്ക് വിജയപ്രതീക്ഷ കൂടി. ഇതിനിടയിലാണ് മുസ്ലീം ലീഗിലെ കെ പി മുഹമ്മദ് മുസ്തഫ ഇടതു സ്വതന്ത്രനായി മത്സരിക്കാൻ താത്പര്യം അറിയിച്ചത്. 

2010 മുതല്‍ 15 വരെ മലപ്പുറം നഗരസഭയില്‍ ചെയര്‍മാനായിരുന്ന മുസ്തഫ സ്വതന്ത്ര മോട്ടോര്‍ തൊഴിലാളി യൂണിയൻ എസ്ടിയു മലപ്പുറം ജില്ലാ പ്രസിഡണ്ടുമായിരുന്നു. പെരിന്തല്‍ണ്ണയില്‍ വിജയ പ്രതീക്ഷ പ്രകടിപ്പിച്ച മുസ്തഫ പക്ഷെ സിപിഎം നിലപാട് പ്രഖ്യാപിച്ചശേഷം പ്രതികരിക്കാമെന്ന് അറിയിച്ചു.