ഉത്തരേന്ത്യയില്‍ വിവിധയിടങ്ങളില്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെ കായികമായ ആക്രമണങ്ങള്‍ നടന്നപ്പോഴും വളർന്നുവരുന്ന അസിഹ്ഷുണതയായും ജനാധിപത്യത്തിനെതിരായ നീക്കമായാണ് പാര്‍ട്ടി വിലയിരുത്തി വിമർശിച്ചത്.
ദില്ലി: ഏഷ്യാനെറ്റ് ന്യൂസിനെതിരെ സംസ്ഥാന സർക്കാര്‍ വീണ്ടുമൊരു കേസ് രജിസ്റ്റർ ചെയ്യുമ്പോള്‍ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് സിപിഎം ദേശീയ തലത്തില്‍ എടുത്ത നിലപാടുകള്‍ ചർച്ചയാകുന്നു. മാധ്യമസ്ഥാപനങ്ങള്‍ക്കെതിരായ സർക്കാർ നടപടികള്‍ ഏകാധിപത്യ പ്രവണതയാണെന്ന് വിവിധ വിഷയങ്ങളില്‍ സിപിഎം നേരത്തെ കുറ്റപ്പെടുത്തിയിട്ടുണ്ട്. 2017 ജൂണ്‍ ആദ്യം വാരം ചേർന്ന സിപിഎം പൊളിറ്റ്ബ്യൂറോ ചർച്ച ചെയ്ത പല വിഷയങ്ങളില്‍ ഒന്ന് മാധ്യമസ്വാതന്ത്ര്യം രാജ്യത്ത് ചോദ്യം ചെയ്യപ്പെടുന്നതിനെ കുറിച്ചായിരുന്നു. കടുത്ത വാക്കുകളാണ് വിമർശനത്തിന് സിപിഎം പിബി തെരഞ്ഞെടുത്തത്.
ബിജെപി സർക്കാർ ഭരിക്കുമ്പോള്‍ പാർലമെന്‍ററി ജനാധിപത്യത്തിലെ എല്ലാ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നു. ഇത് വളർന്ന് വരുന്ന അപകടകരമായ സ്വേച്ഛാധിപത്യ പ്രവണതയാണ്. മാധ്യമങ്ങള്‍ അവരുടെ കടമ നിർവഹിക്കാന്‍ സാധിക്കാത്ത വിധം ആക്രമിക്കപ്പെടുന്നു. സ്വാതന്ത്ര്യം എന്നത് ജനാധിപത്യത്തിലെ അലംഘനീയമായ തത്ത്വമാണ്. നിയമം നടപ്പാക്കണം പക്ഷെ മാധ്യമസ്ഥാപനങ്ങളെ അതിന്‍റേ പേരില്‍ പീഡിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പൊളിറ്റ് ബ്യൂറോ വിലയിരുത്തി. മാധ്യമസ്ഥാപനങ്ങളില്‍ നടക്കുന്ന റെയ്ഡുകളും മാധ്യമസ്വാതന്ത്രത്തിനെതിരായ നീക്കമായാണ് സിപിഎം വിമർശിച്ചത്. 2021 ലെ ന്യൂസ്ക്ലിക്കിലെ ഇഡി റെയ്ഡിനെ വിമർശിച്ച പിബി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മോദി സർക്കാർ സ്വതന്ത്ര മാധ്യമങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണെന്നാണ് കുറ്റപ്പെടുത്തി.
ഉത്തരേന്ത്യയില്‍ വിവിധയിടങ്ങളില്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെ കായികമായ ആക്രമണങ്ങള്‍ നടന്നപ്പോഴും വളർന്നുവരുന്ന അസിഹ്ഷുണതയായും ജനാധിപത്യത്തിനെതിരായ നീക്കമായാണ് പാര്‍ട്ടി വിലയിരുത്തി വിമർശിച്ചത്. ബിബിസിയിലെ റെയ്ഡ് സർക്കാരിനെതിരായ മാധ്യമ വിമർശനം അടിച്ചമർത്താനുള്ള നടപടിയെന്നും പിബി പ്രതികരിച്ചിരുന്നു. ഈ വിമർശനങ്ങളെല്ലാമാണ് കേരളത്തിലെ സർക്കാരിന്‍റെ മാധ്യമങ്ങളോടുള്ള നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുമ്പോൾ ചർച്ചയാകുന്നതും.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പരാതിയെ തുടർന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പരാതി. എന്നാൽ, വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ കെ എസ് യു നേതാവിന്റെ ബൈറ്റെടുക്കുക മാത്രമാണ് അഖില നന്ദകുമാർ ചെയ്തത്. ആർഷോക്കെതിരെ രാഷ്ട്രീയ ആരോപണമെന്നും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. എന്നിട്ടും കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചത്. അഖിലക്കെതിരെ കേസെടുത്തതിനെതിരെ വ്യാപകമായ വിമർശനമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്.

