സിപിഎം ഉയർത്തുന്നത് വിഷം ചീറ്റുന്ന വർഗീയതയാണെന്നും സിപിഎമ്മിന്റേത് ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്ന നയമെന്നും  മുല്ലപ്പള്ളി രാമചന്ദ്രൻ

കാസർകോട്: സിപിഎം ഉയർത്തുന്നത് വിഷം ചീറ്റുന്ന വർഗീയതയാണെന്നും സിപിഎമ്മിന്റേത് ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്ന നയമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കം കുറിക്കുന്ന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷം ചീറ്റുന്ന വർഗീയതയാണ് സിപിഎം ഉയർത്തുന്നത്. ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കുന്നു. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി കൂട്ടുകെട്ട് ഉണ്ടായി. തില്ലങ്കേരി മോഡൽ ആവർത്തിക്കുന്നത് തടയാൻ യു ഡി എഫ് നേതാക്കൾക്ക് കഴിയണം. യാത്ര കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പിൽ സെഞ്ച്വറി നേടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

അതേസമയം ഐശ്വര്യകേരള യാത്ര കാസ‍ർകോട്ടെ കുമ്പളയിൽ തുടങ്ങി. മുൻമുഖ്യമന്ത്രിയും കോൺ​ഗ്രസിൻ്റെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷനായ ഉമ്മൻ ചാണ്ടിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. 

കൊവിഡ് കാലമായിട്ടും വൻജനാവലിയാണ് ഐശ്വര്യകേരള യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കുമ്പളയിൽ എത്തിയത്. എൽഡിഎഫിനും എൻഡിഎയ്ക്കും മുൻപേ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണ പ്രവ‍ർത്തനങ്ങളിലേക്ക് ഐശ്വര്യകേരളയാത്രയിലൂടെ യുഡിഎഫ് കാലെടുത്ത് വയ്ക്കുന്ന കാഴ്ചയാണ് ഇന്ന് കുമ്പളയിൽ കണ്ടത്.