കേരളകോൺഗ്രസ് വന്നത് എൽഡിഎഫിനെ ശക്തിപ്പെടുത്തിയെന്നും കോൺഗ്രസ് ബിജെപി കൂട്ടുകെട്ട് പ്രകടമായെന്നും റിപ്പോർട്ടിൽ പറയുന്നു. പശ്ചിമ ബംഗാളിലെ തോൽവി ഞെട്ടിപ്പിക്കുന്നതാണെന്നാണ് റിപ്പോർ‍ട്ടിലെ വിലയിരുത്തൽ. 

ദില്ലി: തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ മാറ്റി നിറുത്തുകയും മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തുകയും ചെയ്ത കേരള ഘടകത്തിൻറെ നിലപാടിനെ പിന്തുണച്ച് സിപിഎം കേന്ദ്രകമ്മിറ്റി റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ തോൽവി ഞെട്ടിക്കുന്നതാണെന്നും സിപിഎം കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യുന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു. ബംഗാളിൽ കോൺഗ്രസുമായുള്ള ബന്ധം ഫലം കണ്ടില്ലെന്ന വിലയിരുത്തലുമുണ്ട്.

കേരളം, പശ്ചിമ ബംഗാൾ, ആസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് അവലോകനമാണ് സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലെ പ്രധാന അജണ്ട. നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് തവണ തുടർച്ചയായി വിജയിച്ചവർക്ക് സീറ്റു നൽകാത്തത് പാർട്ടിയിൽ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. മന്ത്രിസഭ രൂപീകരണത്തിൽ കെ കെ ഷൈലജയെ മാറ്റി നിറുത്തിയതിൽ ചില കേന്ദ്ര നേതാക്കൾക്കും എതിർപ്പുണ്ടായിരുന്നു. എന്നാൽ ഈ രണ്ടു തീരുമാനങ്ങളെയും അംഗീകരിക്കുന്ന റിപ്പോർട്ടാണ് കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യുന്നത്. 

പാർട്ടിയുടെ ഭാവി ലക്ഷ്യമാക്കിയുള്ള തീരുമാനങ്ങൾ കേരളത്തിലുണ്ടായെന്നാണ് വിലയിരുത്തൽ. കേരള കോൺഗ്രസ് വന്നത് എൽഡിഎഫിനെ ശക്തിപ്പെടുത്തി. കേരളത്തിൽ കോൺഗ്രസ് ബിജെപി സഖ്യം പലയിടത്തുമുണ്ടായിരുന്നു എന്നും റിപ്പോർട്ട് പറയുന്നു. 

പശ്ചിമബംഗാളിലെ തോൽവി ഗൗരവത്തോടെ കാണണം എന്ന നിർദ്ദേശമാണ് റിപ്പോർട്ടിലുള്ളത്. കോൺഗ്രസ് സഖ്യത്തിന് കേന്ദ്രകമ്മിറ്റി അംഗീകാരം നൽകിയതാണ്. എന്നാൽ ഈ സംഖ്യം ഗുണം ചെയ്തില്ലെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് തിരുത്തൽ നടപടികൾ വേണം. സ്വാതന്ത്യത്തിനു ശേഷം ബംഗാൾ നിയമസഭയിൽ പാർട്ടിയുടെ ഒരു എംഎൽഎ ഇല്ലാത്ത സാഹചര്യം ഉണ്ടായത് അഖിലേന്ത്യ തലത്തിൽ പാർട്ടിക്ക് ക്ഷീണമെന്നും വിലയിരുത്തുന്നു. 

പാർട്ടി കോൺഗ്രസ് അടുത്ത വർഷം നടത്തും. കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് സമ്മേളനങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന സാഹചര്യം യോഗം ചർച്ച ചെയ്യുന്നുണ്ട്. പ്രതിനിധികളുടെ എണ്ണം കുറയ്ക്കാനിടയുണ്ട്. കേരളത്തിൽ പാർട്ടി കോൺഗ്രസ് നടത്തണം എന്ന ശുപാർശയുണ്ട്.