പ്രശ്നം പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് പറഞ്ഞു.

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഫിലോമിനയുടെ കുടുംബത്തിന് അഞ്ച് ലക്ഷത്തോളം രൂപ നൽകിയെന്നും മൃതദേഹവുമായി സമരം നടത്തിയതിന് പിന്നിൽ രാഷ്ട്രീയമാണെന്നും സിപിഎം. പ്രശ്നം പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് പറഞ്ഞു. കരിവന്നൂരില്‍ നടന്നത് അഴിമതിയാണെന്നും കുറ്റക്കാരെ പാർട്ടി സംരക്ഷിച്ചില്ലെന്നും എം എം വര്‍ഗീസ് പറഞ്ഞു. സി കെ ചന്ദ്രന് ജാഗ്രത കുറവുണ്ടായെന്ന് പാർട്ടി കണ്ടത്തി നടപടി സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നൽകുന്നതിലും വിഷയം പരിഹരിക്കുന്നതിലും വേഗം പോരെന്ന വിമർശനമുയർത്തി സിപിഐ രംഗത്തെത്തി. നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്നും ആശങ്ക പരിഹരിക്കണമെന്നും സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ആവശ്യപ്പെട്ടു.

Also Read: 'കരിവന്നൂരിലെ ഫിലോമിനക്ക് ആവശ്യമായ പണം നൽകിയിരുന്നു, മൃതദേഹവുമായുള്ള സമരം രാഷ്ട്രീയം': മന്ത്രി ആർ ബിന്ദു

കരിവന്നൂർ ബാങ്ക് വിഷയത്തിൽ പ്രശ്നപരിഹാരമുണ്ടാകുമെന്നും നിക്ഷേപകർക്ക് പണം നഷ്ടമാകില്ലെന്നും അസംബ്ലിയിൽ വെച്ച് മന്ത്രിയിൽ നിന്നും ഉറപ്പ് ലഭിച്ചതാണ്. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിന് കാലതാമസം ഉണ്ടാകുന്നു. ഒരു വർഷം കഴിഞ്ഞിട്ടും നിക്ഷേപകർക്ക് പണം തിരികെ ലഭിച്ചിട്ടില്ല. എത്രയും പെട്ടന്ന് പരിഹാരമുണ്ടാകണമെന്ന് തന്നെയാണ് ആവശ്യപ്പെടാനുള്ളതെന്നും സിപിഐ ജില്ലാ സെക്രട്ടറി വിശദീകരിച്ചു. സർക്കാരിന് ഒരു ബാങ്കിന്റെ ബാധ്യത ഏറ്റെടുക്കുന്നതിൽ പ്രതിസന്ധിയുണ്ട്. പക്ഷേ പ്രതിസന്ധി പരിഹരിക്കുന്നതിന് വഴി തുറന്നുകൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫിലോമിനയുടെ മൃതദേഹവുമായി പ്രതിക്ഷ പാർട്ടികൾ ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് വൈകിട്ടോടെ 2 ലക്ഷം രൂപാ ബാങ്ക് വീട്ടിലെത്തിച്ചു നൽകി. ബാക്കി നിക്ഷേപത്തിൻ്റെ കാര്യം സർക്കാർ ശ്രദ്ധയിൽപെടുത്താമെന്നും ആർഡിഒ ഇന്നലെ പ്രതിഷേധിച്ച ബന്ധുക്കൾക്കും പ്രതിപക്ഷ പാർട്ടി പ്രവർത്തകർക്കും ഉറപ്പ് നൽകിയിരുന്നു. നാല് ലക്ഷത്തി അറുപതിനായിരം രൂപ ഇവർക്ക് പലതവണ ആയി നൽകിയെന്നാണ് സിപിഎം വിശദീകരണം. എന്നാൽ പണം ലഭിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് നിക്ഷേപകർ.