പൊന്നാനിയിൽ സിപിഎമ്മിൻ്റെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയോ?മുസ്ലീം വോട്ട് ബാങ്കിലേക്ക് നോട്ടം, കോൺഗ്രസിന് ആശങ്ക
പലസ്തീൻ അനുകൂല റാലിയിൽ തുടങ്ങി പൊന്നാനിയിൽ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കുന്നത് വരെ വിപുലമായ നീക്കങ്ങളാണ് അണിയറയിൽ. ലീഗിനോട് സിപിഎമ്മിനുള്ള കരുതലിന്‍റെ പരിധി സസൂക്ഷ്മം നിരീക്ഷിക്കുകയാണ് കോൺഗ്രസും.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗ് കോട്ടകളിൽ കടന്ന് കയറാൻ പ്രത്യേക പാക്കേജുമായി സിപിഎം. പലസ്തീൻ അനുകൂല റാലിയിൽ തുടങ്ങി പൊന്നാനിയിൽ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കുന്നത് വരെ വിപുലമായ നീക്കങ്ങളാണ് അണിയറയിൽ. ലീഗിനോട് സിപിഎമ്മിനുള്ള കരുതലിന്‍റെ പരിധി സസൂക്ഷ്മം നിരീക്ഷിക്കുകയാണ് കോൺഗ്രസും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗ് കോട്ടയിളക്കാൻ ഒരുങ്ങുകയാണ് സിപിഎം. ഇതിൻ്റെ ഭാഗമായി കേരളമെമ്പാടും പലസ്തീൻ അനുകൂല റാലികൾ സംഘടിപ്പിക്കാനാണ് സിപിഎം നീക്കം. ഈ നീക്കം കോൺഗ്രസിനെ പ്രതിരോധത്തിലാക്കും. കേരള കോൺഗ്രസും മുസ്ലീം ലീഗുമില്ലാത്ത യുഡിഎഫ് സമം പൂജ്യമാണ്. ഇരുപതിൽ പത്തൊൻപത് സീറ്റിലും തോറ്റ് തുന്നംപാടിയ പോയ തെരഞ്ഞെടുപ്പിൽ നിന്ന് 2024 ലെ പൊതു തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോൾ ഇതാണ് സിപിഎമ്മിന്‍റെ സൂത്രവാക്യം. ഭരണ വിരുദ്ധ വികാരം വേണ്ടുവോളമുണ്ട്. ഇന്ത്യമുന്നണിയെന്ന വിശാല സാധ്യതയും രാഹുൽഗാന്ധിയെന്ന തുറുപ്പുചീട്ടുമെല്ലാം യുഡിഎഫ് ഇത്തവണയുമിറക്കും. കേന്ദ്രത്തിൽ പിടിവിട്ടാൽ കേരളത്തിലെങ്കിലും എന്ന് മതന്യൂനപക്ഷം ചിന്തിച്ചെങ്കിൽ മാത്രമേ പാര്‍ലമെന്റിലേക്ക് പച്ചതൊടാനൊക്കു. കെടി ജലീലും വി അബ്ദുറഹ്മാനും ഒക്കെ മലപ്പുറത്ത് ഉണ്ടാക്കിയ ഇടതുചലനങ്ങൾ യുഡിഎഫും തിരിച്ചറിയുന്നുണ്ട്. പൊതു തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ഒരു പൊടിക്ക് ആശങ്ക യുഡിഎഫിനുണ്ടെങ്കിൽ അത് ഒരു പരിധിയുമില്ലാതെ പൊലിപ്പിച്ചെടുക്കാനുള്ള നീക്കങ്ങളും ഇടത് ക്യാമ്പിലൊരുങ്ങുന്നുണ്ട്. ആര്യാടൻ ഷൗക്കത്തിന്‍റെ സമാന്തര റാലിക്ക് പോലുമുണ്ട് ലോക്സഭാതെരഞ്ഞെടുപ്പോളം നീളുന്ന രാഷ്ട്രീയ കൗതുകം.
മുസ്ലീം വോട്ട് ബാങ്കിലേക്ക് ചാരിവയ്ക്കുന്ന കോണിയായി കൂടെയാണ് സിപിഎം പലസ്തീൻ റാലികളെ കാണുന്നത്. ഇതിന് സമസ്ത നൽകുന്നത് സമ്പൂര്‍ണ്ണ പിന്തുണയാണ്. സമസ്തയും മുജാഹിദും ചേര്‍ന്നാൽ മുസ്ലീംലീഗിൽ മുക്കാലുമായില്ലേ എന്നാണ് സിപിഎം നേതാക്കൾ ചോദിക്കുന്നതും. റാലികൾ തുടരെതുടരെ വരുന്നുണ്ട്. പലസ്തീൻ റാലിയിൽ നിന്ന് ലീഗ് നേതാക്കൾ വിട്ടുനിൽക്കുന്നതിന്‍റെ സാങ്കേതികത്വം അണികൾക്ക് മനസിലാകുമെന്നാണ് സിപിഎമ്മിന്റെ ആത്മവിശ്വാസം.
രണ്ടായി പിളര്‍ത്തി നടുത്തുണ്ടം വരുതിയിലാക്കിയതോടെ കേരളാ കോൺഗ്രസിന്‍റെ കാര്യത്തിൽ ഇനി ആശങ്കയില്ല. തൃശ്ശൂരിന് വടക്കോട്ടാണ് പുതിയ പരീക്ഷണം. മുസ്ലീംകോട്ടകളിൽ കടന്നുകയറാൻ അടവ് പതിനെട്ടും പയറ്റും. പച്ചതൊടാനുള്ള സിപിഎമ്മിന്‍റെ പരിശ്രമത്തെ ചുറ്റിപ്പറ്റിയാകും ഇത്തവണ രാഷ്ട്രീയ കേരളത്തിന്‍റെ കണ്ണും കാതും.
https://www.youtube.com/watch?v=9AKYPi1-Bvg
https://www.youtube.com/watch?v=Ko18SgceYX8