Asianet News MalayalamAsianet News Malayalam

'ഗവര്‍ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കളിക്കുന്നു'; രൂക്ഷ വിമര്‍ശനവുമായി സിപിഎം

ഭരണഘടനയും നിയമസംഹിതകളും സുപ്രീംകോടതി വിധികളുമൊന്നും മനസ്സിലാക്കാതെയുള്ള ഗവര്‍ണ്ണറുടെ 'സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍' കളി സകല സീമകളും അതിലംഘിച്ചിരിക്കുകയാണെന്ന് കോടിയേരി 

cpm says governor act like bjp state president
Author
trivandrum, First Published Jan 3, 2020, 1:41 PM IST

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ത്ത ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം. പ്രമേയം നിയമ വിരുദ്ധമെന്ന ഗവര്‍ണ്ണറുടെ പരസ്യ വിമര്‍ശനമാണ് സിപിഎമ്മിനെ പ്രകോപിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കളിക്കുകയാണെന്നാണ് സിപിഎമ്മിന്‍റെ വിമര്‍ശനം. ഗവര്‍ണര്‍ സകല പരിധികളും ലംഘിച്ചു. ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 

ഭരണഘടനയുടെ അന്തഃസത്തയ്‌ക്ക് നിരക്കാത്ത ജല്‍പ്പനങ്ങളാണ്‌ സംസ്ഥാന ഗവര്‍ണര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഏത് നിയമത്തിന്‍റെ ലംഘനമാണ്‌ നിയമസഭ നടത്തിയതെന്ന്‌ ചൂണ്ടിക്കാണിക്കണം. ഏത് നിയമത്തിന്‍റെ പിന്‍ബലത്തിലാണ്‌ അദ്ദേഹം നിയമസഭാ നടപടിയെ വിമര്‍ശിക്കുന്നതെന്നും വ്യക്തമാക്കണം. ഭരണഘടനയും നിയമസംഹിതകളും സുപ്രീംകോടതി വിധികളുമൊന്നും മനസ്സിലാക്കാതെയുള്ള ഗവര്‍ണ്ണറുടെ 'സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍' കളി സകല സീമകളും അതിലംഘിച്ചിരിക്കുകയാണെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

നിയമസഭ പാസാക്കിയ പ്രമേയം തള്ളിയെന്ന് പറയാൻ ഗവർണർക്ക് അധികാരമില്ലെന്നായിരുന്നു സിപിഐയുടെ വിമര്‍ശനം. ഗവർണർ ബിജെപിയുടെ മൈക്ക് ആയി മാറരുത്. രാജ്ഭവനെ ബിജെപി ഓഫീസാക്കി മാറ്റരുത്. ഗവർണർ പദവി ഉപയോഗിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തരുതെന്നും അതിന് ഗവര്‍ണര്‍ പദവി രാജി വയ്ക്കണമെന്നും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios