തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം ചേരുന്ന യോഗത്തിൽ സർക്കാരിന്‍റെ നൂറ് ദിന
കർമ്മപദ്ധതികളുടെ പ്രാദേശിക തല പ്രചാരണമാണ് മുഖ്യ അജണ്ട. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റടക്കം പ്രധാന പ്രചാരണായുധമാക്കുകയാണ് സിപിഎം. പിഎസ്‍സി വിവാദങ്ങളിൽ പ്രതിരോധത്തിൽ നിൽക്കുമ്പോൾ ബദൽ പ്രചാരണങ്ങൾക്കും സിപിഎം രൂപം നൽകും. 

സെക്രട്ടേറിയറ്റ് തീപിടിത്തം ലൈഫ് തുടർ വിവാദങ്ങൾ, വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം തുടങ്ങിയവയും ചർച്ചയാകും. ബിനീഷ് കൊടിയേരിക്കെതിരെ പുതിയ ആരോപണങ്ങൾ കൂടി ശക്തമാകുമ്പോഴാണ് കോടിയേരിയുടെ നേതൃത്വത്തിൽ സിപിഎം നേതൃ യോഗം ചേരുന്നത്. പാർട്ടി അംഗം കൂടിയായ ബിനീഷ് മാധ്യമങ്ങളോട് വിശദീകരിച്ച് കഴിഞ്ഞെന്നും മറ്റെന്തെങ്കിലുമുണ്ടെങ്കിൽ അന്വേഷണത്തിൽ പുറത്തു വരട്ടെ എന്നുമാണ് സിപിഎം നിലപാട്.