തിരുവനന്തപുരം: തിരുവനന്തപുരം കൈതമുക്കിൽ വിശപ്പകറ്റാൻ കുട്ടികള്‍ മണ്ണ് തിന്നുവെന്ന് പറഞ്ഞ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ് പി ദീപകിനോട് സിപിഎം വിശദീകരണം തേടി. അമ്മയ്ക്ക് വേണ്ടി ദീപകിന് കത്തെഴുതിയത് വഞ്ചിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണെന്ന് പാർട്ടി കണ്ടെത്തി. മണ്ണ് തിന്നിട്ടില്ലെന്ന ബാലാവകാശ കമ്മീഷൻ നിലപാടാണ് ശരിയെന്ന് മേയർ കെ ശ്രീകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയുടെ ഈ പരാമർശം വൻവിവാദമാണ് ഉണ്ടാക്കിയത്. കൈതമുക്കിൽ പട്ടിണി മൂലം നാല് കുട്ടികളെ അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറിയതിന് പിന്നാലെയായിരുന്നു എസ് പി ദീപകിന്‍റെ പരാമർശം. എന്നാൽ സ്ഥലം സന്ദർശിച്ച ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ് ദീപകിന്‍റെ വാദം തള്ളിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിലും ഇരുവരും നിലപാടിൽ ഉറച്ച് ഏറ്റുമുട്ടി. ഇതിനിടെയാണ് സിപിഎം നടത്തിയ പ്രാഥമിക പരിശോധനയിൽ കുട്ടികൾ മണ്ണ് തിന്നിട്ടില്ലെന്നാണ് കണ്ടെത്തിയത്. 

അമ്മ ദീപകിന് എഴുതിയ കത്ത് ശരിക്കും എഴുതിയത് വഞ്ചിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിമലാണെന്നും പാർട്ടി കണ്ടെത്തി. ദീപകിനോടും ലോക്കൽ കമ്മിറ്റി സെക്രട്ടറിയോടും വഞ്ചിയൂർ ഏരിയ കമ്മിറ്റി വിശദീകരണം തേടി. നഗരസഭയെ സമ്മർദ്ദത്തിലാക്കാനായിരുന്നോ ദീപകിന്‍റെ ശ്രമമെന്ന സംശയം പാർട്ടിക്കുണ്ട്. പക്ഷെ സർക്കാർ തന്നെ വെട്ടിലായതോടെയാണ് സിപിഎം വിശദമായി അന്വേഷിക്കുന്നത്. മേയറും ദീപകിന്‍റെ നിലപാട് തള്ളി.

പാർട്ടി ഇടപെട്ടതോടെ ഇന്നലെ എസ് പി ദീപക് മലക്കം മറഞ്ഞിരുന്നു. ബാലാവകാശ കമ്മീഷന്‍റെ കണ്ടെത്തലാണ് ശരിയെന്നും ഏറ്റുമുട്ടാനില്ലെന്നും ഇന്നലെ ദീപക് വാർത്താക്കുറിപ്പിറക്കിയിരുന്നു. എന്നാൽ, പാർട്ടി വിശദീകരണത്തോട് ദീപക് പ്രതികരിച്ചിട്ടില്ല.