വര്‍ക്ക് ഫ്രം ഹോമിന്‍റെ തിരക്കിലാണ് താനെന്ന മറുപടിയാണ് ഫോണില്‍ സംസാരിച്ച ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് മന്ത്രി നല്‍കിയത്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് കനത്ത പൊലീസ് ബന്തവസിലാണ് മന്ത്രിയുടെ വീടടങ്ങുന്ന കന്‍റോണ്‍മെന്‍റ് ക്യാമ്പസ്.

തിരുവനന്തപുരം: പുതിയ ആരോപണങ്ങള്‍ ഉയരുമ്പോഴും പ്രതിഷേധങ്ങള്‍ കനക്കുമ്പോഴും മന്ത്രി കെടി ജലീല്‍ മൗനം തുടരുകയാണ്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ ജലീല്‍ കനത്ത പൊലീസ് കാവലില്‍ മന്ത്രിമന്ദിരത്തില്‍ തുടരുകയാണ്. മന്ത്രിയുടെ രാജി വേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുയാണ് സിപിഎമ്മും ഇടതുമുന്നണിയും.

മലപ്പുറത്തെ സ്വന്തം വീടു മുതല്‍ തിരുവനന്തപുരത്തെ മന്ത്രി മന്ദിരം വരെയുളള യാത്രയിലുടനീളം പ്രതിഷേധം നേരിട്ട മന്ത്രി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതേയില്ല. വര്‍ക്ക് ഫ്രം ഹോമിന്‍റെ തിരക്കിലാണ് താനെന്ന മറുപടിയാണ് ഫോണില്‍ സംസാരിച്ച ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് മന്ത്രി നല്‍കിയത്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് കനത്ത പൊലീസ് ബന്തവസിലാണ് മന്ത്രിയുടെ വീടടങ്ങുന്ന കന്‍റോണ്‍മെന്‍റ് ക്യാമ്പസ്.

പ്രതിപക്ഷം ഇന്നും ജലീലിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് ഉടനീളം ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. പലയിടത്തം മാര്‍ച്ച് അക്രമാസക്തമായി. പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമ്പോഴും പക്ഷേ ജലീലിനെ സംരക്ഷിക്കാനുളള തീരുമാനത്തില്‍ നിന്ന് തെല്ലും പിന്നോട്ടു പോകേണ്ടതില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും സിപിഎമ്മും. 

മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച ജലീല്‍ ഇഡിയുമായുളള ചോദ്യം ചെയ്യല്‍ വിശദാംശങ്ങള്‍ കൈമാറി. തല്‍ക്കാലം ജലീലിനെ വിശ്വാസത്തിലെടുക്കാന്‍ തന്നെയാണ് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും തീരുമാനം. എന്നാല്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാന്‍ തയാറാകാത്ത മന്ത്രിയുടെ നിലപാടിനെതിരെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് വിയോജിപ്പമുണ്ട്.