കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ കുറയ്ക്കാൻ ജെയ്ക് സി തോമസിന് കഴിഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയിൽ ആദ്യ പരിഗണനയിലുള്ള ജെയ്ക്കിനോട് മണർകാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് പാർട്ടി നിർദ്ദേശിച്ചിരിക്കുന്നത്.

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പാർട്ടി സംഘടനാ സംവിധാനത്തെ സജ്ജമാക്കി സിപിഎം. ഇതിന്‍റെ ഭാഗമായി പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് വീതിച്ച് നൽകി. ജെയ്ക് സി തോമസ് തന്നെ സ്ഥാനാർത്ഥിയായേക്കുമെന്ന സൂചനകളോടെയാണ് ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടക്കുന്നത്. അധികം വൈകാതെ തെരഞ്ഞെടുപ്പ് നടക്കുമെന്ന വിലയിരുത്തലിലാണ് സിപിഎമ്മുള്ളത്.

താഴെ തട്ടുമുതൽ പാർട്ടി സംവിധാനത്തെ സജ്ജമാക്കിയാണ് മുന്നൊരുക്കങ്ങൾ. എട്ട് പഞ്ചായത്തുകളിൽ ആറിലും ഭരണം ഇടതുമുന്നണിക്കാണ്. സഹതാപ തരംഗത്തിനിടക്കും രാഷ്ട്രീയമായി അത്ര മോശമല്ല പുതുപ്പള്ളിയെന്ന പൊതു വികാരത്തിൽ ഊന്നിയാണ് സിപിഎമ്മിന്‍റെ പ്രവര്‍ത്തനം. സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് പഞ്ചായത്തുകളുടെ ചുമതല തുടക്കത്തിലേ വീതിച്ച് നൽകുന്നത്.

സംസ്ഥാന സമിതി അംഗങ്ങൾക്കും പ്രത്യേക ചുമതല നൽകി മണ്ഡലത്തിൽ പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവിന് വാകത്താനം പഞ്ചായത്തും കെ കെ ജയചന്ദ്രന് പാമ്പാടി, മീനടം പഞ്ചായത്തുകളുടെ ചുമതലയുമാണ് നൽകിയത്. സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് കെ.ജെ.തോമസ് അകലക്കുന്നം, അയർകുന്നം പഞ്ചായത്തുകൾ കേന്ദ്രീകരിക്കും.

സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാറിന് മണർകാട്, പുതുപ്പള്ളി പഞ്ചായത്തുകളും എ വി റസലിന് കൂരോപ്പട പഞ്ചായത്തിന്റെയും ചുമതല നൽകി. അടുത്ത ആഴ്ച സിപിഎ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പുതുപ്പള്ളിയിലെത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ കുറയ്ക്കാൻ ജെയ്ക് സി തോമസിന് കഴിഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയിൽ ആദ്യ പരിഗണനയിലുള്ള ജെയ്ക്കിനോട് മണർകാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് പാർട്ടി നിർദ്ദേശിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം