അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട് ചർച്ച നടന്ന കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് പി ജയരാജനും കെപി സഹദേവനും തമ്മിലുള്ള തർക്കം പരിധി വിട്ടത്.

തിരുവനന്തപുരം: കണ്ണൂർ സിപിഎമ്മിലെ തർക്കത്തിൽ ഇടപെട്ട് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലുയർന്ന വാക്പോരിൽ പി ജയരാജനും കെ പി സഹദേവനും തർക്കം ആവർത്തിക്കരുതെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകി. സിപിഎം സംസ്ഥാന സമിതി അംഗം പി സതീദേവിയെ വനിതാ കമ്മീഷൻ അദ്ധ്യക്ഷയാക്കാനും സെക്രട്ടറിയേറ്റ് യോഗത്തിൽ ധാരണയായി.

പുകഞ്ഞ് തുടങ്ങിയ കണ്ണൂർ വിഭാഗീയതിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ കർശന ഇടപെടലാണ് നടത്തിയത്. അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട് ചർച്ച നടന്ന കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് പി ജയരാജനും കെപി സഹദേവനും തമ്മിലുള്ള തർക്കം പരിധി വിട്ടത്. സോഷ്യൽ മീഡിയ വാഴ്ത്തലുകളും പ്രതികളുമായുള്ള പി ജയരാജന്‍റെ ബന്ധം സഹദേവൻ ഉയർത്തിയതാണ് വാക്പോരിൽ കലാശിച്ചത്. തർക്കം സംസ്ഥാന സമിതിയോഗത്തിൽ ചർച്ചയായതോടെയാണ് ഇനി ആവർത്തിക്കരുതെന്ന് പാർട്ടി മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം, എം.സി ജോസഫൈൻ രാജി വച്ച ഒഴിവിൽ സിപിഎമ്മിൽ നിന്ന് തന്നെ പുതിയ വനിതാകമ്മീഷൻ അദ്ധ്യക്ഷയെ തെരഞ്ഞെടുക്കാനും സിപിഎം തീരുമാനിച്ചു. സംസ്ഥാന സമിതിയംഗവും ജനാധിപത്യമഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായി പി.സതീദേവിയെ അദ്ധ്യക്ഷയാക്കാനാണ് സെക്രട്ടറിയേറ്റിലെ ധാരണ. ഇന്നത്തെ സംസ്ഥാന സമിതിയിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തില്ല. സിപിഎം ബ്രാ‍ഞ്ച് സമ്മേളനങ്ങൾ ഫെബ്രുവരി രണ്ടാം വാരം മുതൽ തുടങ്ങാൻ തീരുമാനമായി.ഡിസംബർ,ജനുവരി മാസങ്ങളിലാണ് ജില്ലാസമ്മേളനങ്ങൾ.ഫെബ്രുവരിയിൽ എറണാകുളത്ത് സംസ്ഥാന സമ്മേളനം.ലോക്കൽ സമ്മേളനം വരെ പൊതുയോഗങ്ങൾ വിർച്വൽ ആയി നടത്തും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona