സമസ്ത മേഖലയിലും സ്വകാര്യ നിക്ഷേപം അർജിക്കുന്നതിനും പൊതുമേഖലയിൽ പിപിപി മാതൃകയിൽ സ്വകാര്യ പങ്കാളിത്തം കൊണ്ട് വരുന്നതിനടക്കമുളള നിർണായക നയം മാറ്റവുമായി സിപിഎം. കൊല്ലം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയിലാണ് സ്വകാര്യ നിക്ഷേപത്തെ ചുവപ്പ് പരവതാനി വിരിച്ച് സ്വാഗതം ചെയ്യുന്നത്.
കൊല്ലം: സമസ്ത മേഖലയിലും സ്വകാര്യ നിക്ഷേപം അർജിക്കുന്നതിനും പൊതുമേഖലയിൽ പിപിപി മാതൃകയിൽ സ്വകാര്യ പങ്കാളിത്തം കൊണ്ട് വരുന്നതിനടക്കമുളള നിർണായക നയം മാറ്റത്തിനാണ് കൊല്ലം സംസ്ഥാന സമ്മേളനം സാക്ഷിയാകുന്നത്. സ്വകാര്യ നിക്ഷേപത്തോട് സിപിഎമ്മിന് ഇതുവരെ ഉണ്ടായ എതിർപ്പ് പൂർണ്ണമായും ഇല്ലാതാക്കുന്നതാണ് മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തെ നയിക്കാൻ പുതുവഴികൾ എന്ന നയരേഖ. സ്വകാര്യ പങ്കാളികൾക്ക് വാതിൽ തുറക്കുമ്പോൾ വരുമാനമുണ്ടാക്കാൻ ജനങ്ങൾക്ക് എല്ലാറ്റിനും ഫീസ് ഏർപ്പെടുത്തണമെന്നും സെസ് ഈടാക്കണമെന്നും നയരേഖ നിർദ്ദേശിക്കുന്നുണ്ട്.
നയംമാറ്റമാണെന്നത് അംഗീകരിക്കുന്നുവെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്താക്കിയത്. വിഭവ സമാഹരണമാണ് കേരളം ഉയർത്തുന്ന ബദൽ മാതൃകയെന്നാണ് എംവി ഗോവിന്ദൻ പ്രതികരിച്ചത്. കേന്ദ്രം അധികവിഭവ സമാഹരണത്തിന് സെസുകളും സർചാർജുകളും വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു.
എറണാകുളത്ത് നിന്ന് കൊല്ലത്തെമ്പോൾ പ്രകടമായ മാറ്റങ്ങൾക്കും വരുമാനം കണ്ടെത്താനുള്ള നിർദ്ദേശങ്ങളുമാണ് 41 പേജുകളുള്ള നയരേഖയിലുള്ളത്. തുടർ ഭരണം മാത്രമാണ് നയം മാറ്റത്തിന്‍റെ ലക്ഷ്യം, സ്വകാര്യ സർവകലാശാലയക്ക് പിന്നാലെ സ്വകാര്യ പങ്കാളത്തത്തോടെ ഗവേഷണ കേന്ദ്രങ്ങളടക്കം സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. സ്വകാര്യ നിക്ഷേപത്തിന് വാതിൽ തുറന്നിടുമ്പോൾ ജനങ്ങളെ വരുമാനംനോക്കി തരം തിരിച്ച് എല്ലാ സേവനങ്ങൾക്കും ഫീസ് ഈടാക്കിയും ഏറെ കാലമായി ഫീസ് വർധനവ് വരുത്താത്ത മേഖലകളെ കണ്ടെത്തി വിഭവ സമാഹരണം വേണമെന്നും നയരേഖ പറയുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പലമേഖലകളിൽ സെസ് എർപ്പെടുത്തുന്നതും ആലോചിക്കണമെന്ന് മുഖ്യമന്ത്രി നയരേഖയിൽ പറയുന്നു.
വ്യവസായ, ടൂറിസം മേഖലകളിലടക്കം സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നതിനും നഷ്ടത്തിലായ പൊതുമേഖലകളെ പിപിപി മാതൃകയിൽ മറ്റുന്നതിനുമുള്ള പ്രകടനായ നയം മാറ്റത്തിന്‍റെ സൂചനയും നയരേഖയിലുണ്ട്.മികച്ച പ്രകടനം ഇല്ലാത്തതും നഷ്ടത്തിലുമായ പൊതുമേഖല സ്ഥാപനങ്ങളിൽ പിപിപി മാതൃകഇൽ നിക്ഷേപം കൊണ്ടുവരണമെന്നാണ് നയരേഖയിൽ വ്യക്തമാക്കുന്നത്. നയരേഖയക്ക് സമ്മേളനത്തിന്‍റെ അംഗീകാരം വാങ്ങി വ്യവസായിക മേഖലയിലേക്ക് അടുത്ത ഒരു വർഷം കൊണ്ട് വൻ തോതിൽ സ്വകാര്യ മൂലധനം കൊണ്ടുവരികയാണ് ലക്ഷ്യം.
ടൂറിസം മേഖലയിൽ വൻകിട ഹോട്ടലുകൾ സ്ഥാപിക്കാൻ സ്വകാര്യ ഗ്രൂപ്പുകൾക്ക് അനുമതി നൽകുന്നതും പരിഗണിക്കും. വിഭവ സമാഹരണത്തിന് ഡാമിലെ മണലെടുപ്പ് എന്ന പഴയ നിദേശങ്ങളും പിണറായിരുടെ നയരേഖയിലുണ്ട്. ഒപ്പം വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തുമെന്നും വ്യക്തമാക്കുന്നു. സ്വകാര്യ നിക്ഷേപങ്ങൾക്കെതിരെ വർഷങ്ങളായി ഉയർത്തിയ ചെങ്കൊടി താഴെ വെച്ച് ചുവപ്പ് പരവതാനി വിരിക്കുകയാണ് കൊല്ലം സമ്മേളനം. സമഗ്ര മേഖലകളിലും നിക്ഷേപകർക്കായ വാതിൽ തുറന്ന് സ്വാഗതമോതുകയാണ് നയരേഖ.

