ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇപി ജയരാജൻ, എംവി ഗോവിന്ദൻ- ഒടുവിലിതാ എംവി ജയരാജൻ. സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടറി പദവിയിൽ നിന്ന് ഇവരെല്ലാം സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി.
കണ്ണൂർ: ഇക്കുറിയും സംസ്ഥാന സമിതിയിൽ ഒതുങ്ങിയതോടെ, സിപിഎമ്മിന്റെ സംസ്ഥാനത്തെ ഉന്നത നേതൃത്വത്തിലേക്കുള്ള പി ജയരാജന്റെ വാതിലടയുന്നു. പ്രായപരിധി നിബന്ധന തുടർന്നാൽ അടുത്ത സമ്മേളനത്തിൽ സംസ്ഥാന സമിതിയിൽ നിന്നും ജയരാജൻ ഒഴിവാകും. കണ്ണൂരിലെ പാർട്ടിയുടെ അമരക്കാരൻ ആയിരുന്നിട്ടും മൂന്ന് പതിറ്റാണ്ട് മുൻപ് ഉൾപ്പെട്ട ഘടകത്തിൽ പി ജയരാജന്റെ സംഘടനാ ജീവിതം അവസാനിക്കാനാണ് സാധ്യതയെല്ലാം.
ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇപി ജയരാജൻ, എംവി ഗോവിന്ദൻ- ഒടുവിലിതാ എംവി ജയരാജൻ. സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടറി പദവിയിൽ നിന്ന് ഇവരെല്ലാം സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. ഈ പേരുകൾക്കൊപ്പം ഉയർന്നുകേട്ടിട്ടും കണ്ണൂർ പാർട്ടിയുടെ തലപ്പത്തുണ്ടായിട്ടും പി ജയരാജന് സംസ്ഥാന സമിതിയിൽ നിന്നൊരു കയറ്റമില്ല. പ്രായം എഴുപത്തിരണ്ടിലെത്തി. അടുത്ത സമ്മേളനമാകുമ്പോൾ എഴുപത്തിയഞ്ചാകും. അപ്പോൾ ഇനിയൊരു പ്രമോഷനില്ല. 27 വർഷമായി സംസ്ഥാന കമ്മിറ്റിയിലുളള ജയരാജന് അതേ ഘടകത്തിൽ തന്നെ സംഘടനാ ജീവിതം അവസാനിപ്പിക്കേണ്ടി വരാം.
കൊലപാതക കേസുകളിൽ പ്രതിയായിട്ടും വിവാദങ്ങളേറെയുണ്ടായിട്ടും കണ്ണൂർ ജില്ലാ സെക്രട്ടറിയായി, വീര പരിവേഷത്തിൽ മുന്നേറിയ പി ജയരാജൻ വാഴ്ത്തുപാട്ടിൽ പാർട്ടി പിടിവീണതോടെ മങ്ങിത്തുടങ്ങി. 2019ൽ വടകരപ്പോരിനിറങ്ങാൻ ജില്ലാ സെക്രട്ടറി പദവിയൊഴിഞ്ഞ ശേഷം തിരിച്ചുവരവുണ്ടായില്ല. ആക്ടിങ് സെക്രട്ടറിയായി വന്ന എംവി ജയരാജൻ സ്ഥിരം സെക്രട്ടറിയായി. കോട്ടയത്ത് മത്സരിച്ച വിഎൻ വാസവനെ സെക്രട്ടറി പദവിയിൽ തിരികെ കൊണ്ടുവന്നെങ്കിലും പി ജയരാജന് ആനുകൂല്യമുണ്ടായില്ല. ഒതുക്കലെന്ന വികാരത്തിൽ പിജെ ആർമി ചലിച്ചു. ജയരാജനെവരെ തളളിപ്പറയേണ്ടി വന്നു.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടേറിയേറ്റിലേക്ക് ഉറപ്പായും വരുമെന്ന് കരുതി. യുവനിര വന്നപ്പോൾ ജയരാജൻ പിന്നിലായി. കണ്ണൂർ പാർട്ടിയിൽ ഇതിനിടെ ഒറ്റത്തുരുത്തായി. ഖാദി ബോർഡ് വൈസ് ചെയർമാൻ പദവിയിലൊതുങ്ങി. വ്യതിയാനങ്ങൾക്കൊപ്പമില്ലെന്ന് തെളിയിക്കാൻ പാർട്ടിക്കുളളിൽ ആരോപണങ്ങൾ തൊടുത്തു. മനു തോമസ് വിഷയത്തിൽ ഫേസ്ബുക്കിൽ കോർത്തത് ഏറ്റവുമൊടുവിൽ വിനയായി. ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് ജയരാജനെതിരെ കത്ത് നൽകി. അത് പരിഗണനയിലെന്ന് മുഖ്യമന്ത്രി ജില്ലാ സമ്മേളനത്തിൽ പറയുകയും ചെയ്തു. കണ്ണൂരിലെ നേതൃതലത്തിൽ പിന്തുണയേറെയില്ല. പുതിയ പദവികളിൽ പരിഗണിക്കാനിടയില്ല, അച്ചടക്കത്തിന്‍റെ വാൾത്തലപ്പൊഴിഞ്ഞിട്ടില്ല, വിധി കാത്ത് കേസുകളേറെയും. പി ജയരാജന്‍റെ വഴിയിനി എന്താകും? കൊല്ലം ബാക്കിവെക്കുന്ന ചോദ്യങ്ങളിലൊന്നാണിത്.
