യുഡിഎഫ് സർക്കാർ ആരോഗ്യമേഖലയെ തകർക്കുകയും സ്വകാര്യവൽക്കരണത്തിന് ശ്രമിക്കുകയും ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

തിരുവനന്തപുരം: ജനകീയ ആരോഗ്യമേഖലയെ തകർക്കുന്നതാണ് യുഡിഎഫ് നയമെന്നും ഡോക്ടർമാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാം സ്വകാര്യവൽക്കരിക്കുക എന്ന അജണ്ട ആരോഗ്യ മേഖലയിൽ നടപ്പിലാക്കാനാണ് ശ്രമം. എല്ലാം സ്വകാര്യവൽക്കരിക്കുമെന്ന അജണ്ടയാണ് സർക്കാരിനുള്ളത്. ടാസ്ക് ഫോഴ്സ് അംഗങ്ങളിൽ വൻ അഴിമതിക്കാരാണുള്ളത്. എന്തിനാണ് ഇവരെ വിദഗ്ധരായി ഉൾപ്പെടുത്തിയത്. മുൻ ആരോഗ്യ മന്ത്രിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് കെ മുരളീധരനെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

എസ്എംഎ മരുന്ന് വിവാദത്തിൽ രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കണം. ആരോഗ്യമന്ത്രി കൃത്യമായി മറുപടി പറയുന്നില്ല. ആരോഗ്യമന്ത്രി ഉത്തരംമുട്ടുമ്പോൾ കൊഞ്ഞനം കുത്തുകയാണ്. മറുപടി ഇല്ലാത്തതിനാലാണ് അവരെ ചീത്ത പറഞ്ഞത്. ഉപയോഗിച്ച പദം ഞാനിവിടെ പറയുന്നില്ല. വൃത്തികെട്ട രീതിയിലാണ് ആരോഗ്യമന്ത്രി നിലപാടെടുത്തതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. യുഡിഎഫ് സർക്കാരിൻ്റേത് കേന്ദ്ര സർക്കാരിൻ്റേതിന് സമാനമായ കോർപ്പറേറ്റ് ഹിന്ദുത്വ നയമാണ്. കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക നയം ഇവിടെയും ആവർത്തിക്കുന്നുവെന്നും കിഫ്ബിയെ തകർക്കാൻ ബോധപൂവ്വം നീക്കം നടക്കുന്നതായും എംവി ഗോവിന്ദൻ പറഞ്ഞു. കിഫ്ബിയെ തകർത്ത് കേരള വികസനത്തെ ദുർബലപ്പെടുത്താനാണ് കേന്ദ്ര ഏജൻസികൾ ശ്രമിച്ചത്. അതിനെ അതിജീവിച്ചാണ് സർക്കാർ മുന്നോട്ട് പോയത്. കേന്ദ്രസർക്കാരിൻ്റെ താൽപര്യമാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ നിർവഹിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

സർക്കാർ ആഗ്രഹിച്ചതാണ് സുധാപിള്ള കമ്മീഷൻ എഴുതി നൽകിയത്. ഭൂമി ഏറ്റെടുക്കുന്നത് കിഫ്ബി നേരിട്ടല്ല. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം മാത്രമാണ് ഭൂമി ഏറ്റെടുത്തിട്ടുള്ളത്. കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെ മുഖ്യമന്ത്രി ഉൾപ്പെടെ ദുരുദ്ദേശത്തോടെ പരാമർശിച്ചു. ആസൂത്രണ രംഗത്തെ എല്ലാ പ്രവർത്തനങ്ങളും എംപാനൽ ചെയ്യാനുള്ള ശ്രമമാണ്. കേരളത്തിൻ്റെ വിഭവ ശേഷി സംബന്ധിച്ച എല്ലാ വിവരങ്ങളും വിദേശ ഏജൻസികൾക്ക് ലഭിക്കും. കേന്ദ്രസർക്കാർ അമിതാധികാര പ്രവണത കാട്ടുകയാണ്. കേന്ദ്ര സർക്കാർ പിന്തുടരുന്ന സാമ്പത്തിക നയങ്ങൾ തന്നെയാണ് സംസ്ഥാന സർക്കാരിനും ഉള്ളത്. കോൺഗ്രസും ബിജെപിയും തമ്മിൽ അന്തർ ധാര നിൽക്കുന്നു. വിപുലീകൃത സംസ്ഥാന, ജില്ലാ കമ്മിറ്റി യോഗങ്ങൾ പരിശോധിച്ചു. ഭാവികർമ്മ പരിപാടികൾ ചർച്ച ചെയ്തെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

YouTube video player