ഒരു വശത്ത് തെറ്റുതിരുത്തൽ നയരേഖയുമായി നേതൃത്വം മുന്നോട്ട് പോകുമ്പോൾ വിദ്യാർത്ഥി സംഘടനാ നേതാക്കൾക്ക് അടക്കം വഴിവിട്ട സഹായം പാർട്ടി നേതാക്കളിൽ നിന്ന് കിട്ടുന്ന സാഹചര്യം അടക്കം ചർച്ചയാകും.

തിരുവനന്തപുരം: നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി ആരോപണം അടക്കം വിവാദങ്ങൾ കത്തി നിൽക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്. എസ്എഫ്ഐ നേതാവ് എംകോം പ്രവേശനത്തിന് ഹാജരാക്കിയതെല്ലാം വ്യാജ രേഖകളെന്ന് തെളിഞ്ഞ് ദിവസങ്ങളായിട്ടും വിവാദത്തോട് പ്രതികരിക്കാൻ സിപിഎം നേതാക്കളാരും തയ്യാറായിട്ടില്ല. ഒരു വശത്ത് തെറ്റുതിരുത്തൽ നയരേഖയുമായി നേതൃത്വം മുന്നോട്ട് പോകുമ്പോൾ വിദ്യാർത്ഥി സംഘടനാ നേതാക്കൾക്ക് അടക്കം വഴിവിട്ട സഹായം പാർട്ടി നേതാക്കളിൽ നിന്ന് കിട്ടുന്ന സാഹചര്യം അടക്കം ചർച്ചയാകും.

എസ്എഫ്ഐ സംസ്ഥാന സമിതിയും ഇന്ന് ചേരുന്നുണ്ട്. വ്യാജ ഡിഗ്രി വിവാദത്തിനു ശേഷം നടക്കുന്ന ആദ്യ യോഗമാണ്. നിഖിൽ തോമസിൻ്റെ ഡിഗ്രി സർട്ടിഫിക്കറ്റിൽ വ്യക്തത വരും മുമ്പ് സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ തിടുക്കപ്പെട്ട് ന്യായീകരണം നടത്തിയതിൽ സംഘടനയ്ക്കുള്ളിൽ എതിരഭിപ്രായം ഉണ്ട്. 

വിദ്യയെ കുടുക്കിയത് ടവർ ലൊക്കേഷൻ, പൊലീസ് പിന്തുടർന്ന് എത്തി; പിടിയിലായത് സുഹൃത്തിന്റെ വീട്ടിൽ നിന്ന്

അതേസമയം, മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസില്‍ താന്‍ നിരപരാധിയാണെന്ന് കെ വിദ്യ മൊഴി നൽകി. തന്നെ രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയതാണെന്നും കേസില്‍ മനപൂര്‍വ്വം കുടുക്കിയതാണെന്നും വിദ്യ നല്‍കിയ മൊഴിയിൽ പറയുന്നു. താന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് എവിടെയും നല്‍കിയിട്ടില്ല. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. കേസിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയാണെന്നും വിദ്യ മൊഴി നല്‍കി. 

നിഖില്‍ തോമസിന്റെ പ്രവേശനം; കോളേജ് വിശദീകരണത്തില്‍ സര്‍വ്വകലാശാലക്ക് അതൃപ്തി

അതേസമയം, വിദ്യയുടെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തി. വിദ്യയെ 11 മണിയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.