തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സ്വർണ്ണക്കടത്ത് വിവാദത്തിൽ സർക്കാരിന് മേൽ ഒന്നൊന്നായി കുരുക്ക് മുറുകുമ്പോൾ ബദൽ പ്രചാരണമാണ് പ്രധാന അജണ്ട. മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്തതും മന്ത്രി കടകംപളളിക്ക് എതിരെ ഉയർന്ന പുതിയ ആക്ഷേപങ്ങളും നേതാക്കളുടെ മക്കൾ പോരും സ്വപ്‍ന ബന്ധവുമാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത്. 

ക്വാറന്‍റീന്‍ പൂർത്തിയാക്കി മറ്റ് നേതാക്കൾ എത്തുമെങ്കിലും കൊവിഡ് ചികിത്സയിൽ തുടരുന്ന ഇ പി ജയരാജൻ ഇന്ന് പങ്കെടുക്കില്ല. കോടിയേരിയുടെ മകൻ ബിനീഷിനെ മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്തതും ജയരാജന്‍റെ മകൻ ജയ്സണെതിരായ ആക്ഷേപങ്ങളും ചർച്ചയാകും. ഇന്ന് വൈകിട്ട് എൽഡിഎഫും യോഗം ചേരും. 

തെരഞ്ഞെടുപ്പ് ഒരുക്കവും സർക്കാർ അനുകൂല പ്രചാരണ പരിപാടികളുമാണ് പ്രധാന അജണ്ട. കെ ടി ജലീലിനെ സിപിഎമ്മും സിപിഐയും പിന്തുണച്ചെങ്കിലും മറ്റ് ഘടകകക്ഷികൾ നിലപാട് വ്യക്തമാക്കിയിട്ടില്ല. കേരള കോൺഗ്രസ് ജോസ് പക്ഷത്തോടുള്ള സമീപനവും മുന്നണി യോഗത്തിൽ ചർച്ചയാകും.