Asianet News MalayalamAsianet News Malayalam

'അൻവറിൻ്റെ ആരോപണങ്ങൾ ഗുരുതരം, പരസ്യമായി ഉന്നയിച്ചത് ശരിയായില്ല'; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിമർശനം

അൻവർ ഉന്നയിച്ച വിഷയങ്ങൾ ശരിയാണെന്ന തോന്നൽ ജനങ്ങൾക്കിടയിൽ ഉണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി

CPM State Secretariat wants party inquiry in PV Anwar raised allegations
Author
First Published Sep 6, 2024, 5:15 PM IST | Last Updated Sep 6, 2024, 6:52 PM IST

തിരുവനന്തപുരം: പിവി അൻവർ എംഎൽഎ സംസ്ഥാന പൊലീസിൽ എഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ വിലയിരുത്തൽ. സെക്രട്ടേറിയേറ്റ് യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും ഈ നിലപാട് ഉന്നയിച്ചു. പരാതി പാർട്ടി അന്വേഷിക്കണമെന്നും ആവശ്യം ഉയ‍ർന്നിട്ടുണ്ട്. എന്നാൽ പൊതുവായ പരിശോധനക്ക് അപ്പുറം അന്വേഷണത്തിന് പാർട്ടിയുടെ പ്രത്യേക സമിതി ഉണ്ടാകില്ലെന്നാണ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന സൂചന. അൻവർ ഉന്നയിച്ച വിഷയങ്ങൾ ശരിയാണെന്ന തോന്നൽ ജനങ്ങൾക്കിടയിൽ ഉണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. അതേസമയം പരാതി ആദ്യം പാർട്ടിയിൽ പറയാതെ പരസ്യമായി പ്രതികരിച്ചത് ശരിയായില്ലെന്നും ചില അംഗങ്ങൾ കുറ്റപ്പെടുത്തി. 

പാർലമെന്ററി പാർട്ടി അംഗമെന്ന മാന്യത അൻവർ കാണിക്കണമായിരുന്നുവെന്നും യോഗത്തിൽ വിമർശനമുണ്ടായി. അൻവറിനെ ന്യായീകരിക്കേണ്ട കാര്യമില്ല. പറഞ്ഞ കാര്യങ്ങളിൽ വസ്തുത ഉണ്ടെങ്കിൽ നടപടിയുണ്ടാകും. ഒരു മാസത്തെ കാലയളവിൽ അന്വേഷണം നടക്കട്ടെ. നടപടി എടുക്കുന്നത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. സുജിത് ദാസിനെ മാറ്റിയത് പരാതിയിൽ മെറിറ്റ് ഉണ്ടെന്ന് തോന്നിയതിനാലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബാക്കി കാര്യങ്ങളിൽ അന്വേഷണം നടക്കട്ടെ എന്നും പിണറായി വിജയൻ പാർട്ടി യോഗത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios