സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കോട്ടയത്തെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി ചാഴിക്കാടനായി ആദ്യ വോട്ടഭ്യര്‍ഥനയും നടത്തി.
കോട്ടയം: കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി എന്ന പോലെ പരിഗണിക്കണമെന്ന് ജില്ലയിലെ സിപിഎം നേതാക്കള്‍ക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ നിര്‍ദേശം. എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പളളി മല്‍സരിച്ചാലും പരമ്പരാഗത ഇടത് വോട്ടുകള്‍ ചോരാതിരിക്കാനുളള തന്ത്രങ്ങള്‍ ഒരുക്കണമെന്നും കോട്ടയത്തെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കി.
സ്ഥാനാര്‍ഥികളെ ഒന്നിച്ചു പ്രഖ്യാപിക്കുന്ന ഇടതുമുന്നണിയിലെ പതിവു രീതി തെറ്റിച്ചാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് മാണി ഗ്രൂപ്പ് തോമസ് ചാഴിക്കാടന്‍റെ സ്ഥാനാര്‍ഥിത്വം ഒരു മുഴം മുമ്പേ പരസ്യമാക്കിയത്. എന്നാല്‍ കടുപ്പമേറിയ മത്സരം നടക്കുമെന്ന് ഇടതുമുന്നണി വിലയിരുത്തുന്ന കോട്ടയത്ത് സിപിഎം നേതൃത്വത്തിന്‍റെ കൂടി നിര്‍ദേശ പ്രകാരമായിരുന്നു മാണി ഗ്രൂപ്പിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. യുഡിഎഫ് അനുകൂല മണ്ഡലമായി വിലയിരുത്തുന്ന കോട്ടയത്ത് പ്രചാരണത്തില്‍ മേല്‍ക്കൈ നേടുകയാണ് നേരത്തെയുളള സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലൂടെ ഇടതുമുന്നണി ലക്ഷ്യമിടുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കോട്ടയത്തെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മഹാത്മാഗാന്ധി സര്‍വകലാശാല ജീവനക്കാരുടെ സംഘടനാ സമ്മേളനത്തില്‍ ചാഴിക്കാടനായി ആദ്യ വോട്ടഭ്യര്‍ഥനയും നടത്തി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോട്ടയത്തെ പ്രധാന സിപിഎം നേതാവായ വി എന്‍ വാസവനെ തോല്‍പ്പിച്ചാണ് ചാഴിക്കാടന്‍ പാര്‍ലമെന്‍റിലെത്തിയത്. അഞ്ചു വര്‍ഷത്തിനിപ്പുറം ഇടതു സ്ഥാനാര്‍ഥിയായി അതേ ചാഴിക്കാടനെത്തുമ്പോള്‍ പഴയ മത്സരത്തിന്‍റെ മുറിവുകളൊന്നും അവശേഷിപ്പിക്കരുതെന്ന നിര്‍ദേശമാണ് സിപിഎം സംസ്ഥാന സെക്രട്ടറി ജില്ലയിലെ സിപിഎം നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. എസ്എന്‍ഡിപിക്ക് കാര്യമായ സ്വാധീനമുളള കോട്ടയം മണ്ഡലത്തില്‍ തുഷാര്‍ വെള്ളാപ്പളളി എന്‍ഡിഎ സ്ഥാനാര്‍ഥിയാകുന്നത് പരമ്പരാഗത ഇടത് വോട്ടുകളില്‍ വിളളലുണ്ടാക്കുമെന്ന ആശങ്ക ഇടതുപക്ഷത്തിനുണ്ട്. ഇതു മറികടക്കാന്‍ താഴെ തട്ടില്‍ വിപുലമായ സംഘടനാ മുന്നൊരുക്കങ്ങള്‍ നടത്താനാണ് സിപിഎം തീരുമാനം. പൊതുരാഷ്ട്രീയത്തിനപ്പുറം കോട്ടയത്ത് ചാഴിക്കാടന്‍റെ വ്യക്തി ബന്ധങ്ങള്‍ മുതലെടുത്ത് യുഡിഎഫ് വോട്ടുകള്‍ കൂടി അടര്‍ത്തിയെടുക്കാന്‍ പാകത്തിലുളള പ്രചാരണമാണ് ഇടതുമുന്നണി ആസൂത്രണം ചെയ്യുന്നത്.
