തിരുവനന്തപുരം: കായംകുളത്തെ സിപിഎം പ്രാദേശിക നേതാവ് സിയാദിന്‍റെ കൊലപാതകത്തിൽ കോണ്‍ഗ്രസ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിയാദിനെ വെട്ടിക്കൊലപ്പെടുത്തിയത് ഏറെ ദുഖകരമായ സംഭവമാണ്. രാഷ്ട്രീയ പ്രതിയോഗികളെ കൊട്ടേഷൻ സംഘത്തെ ഉപയോഗിച്ച് വകവരുത്തുന്ന സംസ്‌കാരം പ്രബുദ്ധ കേരളത്തിന് ഭൂഷണമല്ലെന്ന് കോടിയേരി പറഞ്ഞു.

‘എന്നെ കൊല്ലരുത്, എനിക്ക് രണ്ട് മക്കളുണ്ട്.’എന്ന് യാചിച്ചിട്ടും കൊലക്കത്തി താഴ്ത്താത്ത നിഷ്ടൂരതയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംരക്ഷിക്കുന്നത് ഏത് ഗാന്ധിയൻ മൂല്യങ്ങളെ പിൻപറ്റിയാണ് ? സിയാദിനെ വകവരുത്തിയത്‌ ആസൂത്രിതമായാണ് എന്നുള്ളതിന്റെ വിശദാംശങ്ങൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. കൊലപാതകം നടത്തിയ ക്രിമിനൽ സംഘങ്ങളുടെ രക്ഷകരായി കോൺഗ്രസ്‌ നേതാക്കളും അവരുടെ കൗൺസറിലറും മുന്നിൽ നിൽക്കുമ്പോൾ ആ ദാരുണ സംഭവത്തിന് പിന്നിൽ കോൺഗ്രസ്‌ നേതൃത്വത്തിന്റെ പങ്ക്‌ വ്യക്തമാവുകയാണെന്ന് കോടിയേരി ആരോപിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പൊതുപ്രവർത്തകനെ വകവരുത്താൻ ചില്ലറ ഹൃദയശൂന്യതയൊന്നും പോര. മത്സ്യവ്യാപാരം നടത്തുന്ന സിയാദ് ജോലി കഴിഞ്ഞ് വീട്ടിൽ വന്ന് ഭാര്യയോടൊപ്പം ഭക്ഷണം ഉണ്ടാക്കി, കോവിഡ് ക്വാറന്റൈയിൻ കേന്ദ്രത്തിൽ എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് ആസൂത്രിതമായ ആക്രമണം ഉണ്ടായത്. ആഹാരം കൊടുത്ത് തിരികെവരുന്ന ബാപ്പയെ കാത്തിരുന്ന സിയാദിന്റെ മക്കൾ അഞ്ചുവയസായ ഐഷയും ഒരു വയസായ ഹൈറയും ആരുടെയും മനസ് തകർക്കുന്ന ദുഖമായി മാറുന്നു.

ജനകീയനും സന്നദ്ധ പ്രവർത്തകനുമായ സഖാവ് സിയാദ് നാട്ടുകാർക്ക് ഏറെ പ്രിയങ്കനായിരുന്നു. സിയാദിന്റെ ജനകീയതയെ ഭീഷണിയായി കോൺഗ്രസ്‌ കരുതിയതാണ്‌ കൊലയ്‌ക്ക് പ്രേരിപ്പിച്ചത്‌. കൊല നടത്തിയ ക്രിമിനലിനെ രക്ഷപെടുത്തിയത്‌ കോൺഗ്രസ്‌ നേതാവാണെന്നതും ആസൂത്രണത്തിന് പിന്നിലെ കോൺഗ്രസ്‌ നേതൃത്വത്തിന്റെ പങ്ക് ഉറപ്പിക്കുന്നു. ശരീരത്തിൽ രക്തക്കറ പുരണ്ട വസ്ത്രവുമായി നിന്ന പ്രതിയെ സ്വന്തം സ്കൂട്ടറിൽ കയറ്റിയാണ് കോൺഗ്രസ്‌ നേതാവായ കൗൺസിലർ രക്ഷപെടുത്തിയത്.

ഒരുഭാഗത്ത് അഹിംസാ പ്രഭാഷണങ്ങൾ നടത്തുകയും മറുഭാഗത്ത് കൊലക്കത്തി മിനുക്കുകയും ചെയ്യുന്ന കോൺഗ്രസ് സംസ്‌കാരം പുരോഗമന സമൂഹത്തിന് ചേർന്നതല്ല. കൊലപാതക രാഷ്ട്രീയം കേരളത്തിന് വേണ്ട. കോൺഗ്രസ് നേതൃത്വം ഗുണ്ടാ മാഫിയ സംഘങ്ങളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്ന ശൈലി അവസാനിപ്പിക്കാൻ തയ്യാറാവണം. സഖാവ് സിയാദിന്റെ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു. സഖാവിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.