Asianet News MalayalamAsianet News Malayalam

'​ഗവർണറുടെ ഭീഷണിക്ക് കീഴടങ്ങില്ല', സർക്കാരിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് എംവി ​ഗോവിന്ദൻ

''ഒരു ഭീഷണിക്കും കീഴടങ്ങുന്ന പ്രശ്നമില്ല എന്നത് ​ഗവർണർ മനസ്സിലാക്കുന്നതാണ് നല്ലത്. കേന്ദ്രത്തിലേക്ക് റിപ്പോർട്ട് നൽകുമെന്ന ഭയമൊന്നും സിപിഎമ്മിനില്ല''

CPM state secretary M V Govindan reacts against Governor
Author
First Published Nov 7, 2022, 10:23 AM IST

തിരുവനന്തപുരം : കേരളത്തിലെ ജനങ്ങളെയും സർക്കാരിനെയും ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആ​ഗ്രഹിക്കുന്നുവെങ്കിൽ അത് നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ആത്യന്തികമായി ജനങ്ങളെയാണ് കാണുന്നത്. അല്ലാതെ ​ഗവർണറെയോ ഏതെങ്കിലും ഒരു സംവിധാനത്തെയോ അല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ എം വി ​ഗോവിന്ദൻ പറഞ്ഞു. അവസാന വിധി പറയുന്ന ശക്തിയും കരുത്തും ജനങ്ങളാണ്. ആ കരുത്തിന്റെ നേരെ നോക്കി കൊഞ്ഞനം കാട്ടിയിട്ട് കാര്യമില്ല. ശരിയായ നിലപാടെടുത്ത് മുന്നോട്ട് പോവുകയാണ് തങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഒരു ഭീഷണിക്കും കീഴടങ്ങുന്ന പ്രശ്നമില്ല എന്നത് ​ഗവർണർ മനസ്സിലാക്കുന്നതാണ് നല്ലത്. കേന്ദ്രത്തിലേക്ക് റിപ്പോർട്ട് നൽകുമെന്ന ഭയമൊന്നും സിപിഎമ്മിനില്ല. ഏത് വിവാദത്തിൽ വേണമെങ്കിലും ഇടപെടട്ടെ. തുറന്ന പുസ്തകം പോലെ എല്ലാം ജനങ്ങൾക്ക് മുന്നിലുണ്ട്. ജനങ്ങൾ ആ​ഗ്രഹിക്കാത്ത ഒരു നിലപാടും സിപിഎമ്മും ഇടത് മുന്നണിയും കൈകാര്യം ചെയ്യില്ല. ജനങ്ങൾക്ക് ഒപ്പമാണ്, ജനങ്ങൾക്ക് വേണ്ടിയാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. 

സംസ്ഥാനം ഭരണഘടനാ ഭീഷണിയിലാണെന്നാണ് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ​​ഗവർണർ പറഞ്ഞത്. മാത്രമല്ല, ​ഗവർണർക്കെകതിരെ നടത്താൻ സർക്കാർ തീരുമാനിച്ച മാർച്ചിനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. രാജ്ഭവൻ മാർച്ച് നടക്കട്ടെ എന്നും തന്നെ റോഡിൽ ആക്രമിക്കട്ടെയെന്നുമാണ് അദ്ദേഹം പറഞ്ഞത്. ധർണ്ണ നവംബർ 15 ലേക്ക് നീട്ടേണ്ട എന്നും താൻ രാജ്ഭവനിലുള്ളപ്പോൾ തന്നെ നടത്തട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നത്തെയും പോലെ ഇന്നും ഗവർണർ  സർക്കാരിനെയും മുഖ്യമന്ത്രിയെയും ആവർത്തിച്ച് വിമർശിക്കുകയായിരുന്നു. ഒപ്പം കൈരളിയെയും മീഡിയ വണ്ണിനെയും വാർത്താ സമ്മേളനത്തിൽ നിന്ന് വിലക്കുന്ന നിലപാട് കൂടി ​ഗവർണർ സ്വീകരിച്ചു. 

Read More : കടക്ക് പുറത്ത്:'ഗെറ്റ് ഔട്ട് ഫ്രം ഹിയർ'മീഡിയവണ്ണിനേയും കൈരളിയേയും വാർത്താസമ്മേളനത്തിൽ നിന്ന് പുറത്താക്കി ഗവർണർ

Follow Us:
Download App:
  • android
  • ios