യുഡിഎഫ് ഉന്നയിച്ച ബിജെപി ഡീലിന്റെ നിജസ്ഥിതി പുറത്ത് വന്ന് തുടങ്ങിയെന്നും നാദാപുരം, വടകര മണ്ഡലങ്ങളിൽ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചുവെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിലെത്തില്ലെന്നും യുഡിഎഫിലെ തർക്കങ്ങൾ മെയ് നാലോടെ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫിനെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിലെത്തില്ലെന്നും യുഡിഎഫിലെ തർക്കങ്ങൾ മെയ് നാലോടെ അവസാനിക്കുമെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് ഉന്നയിച്ച ബിജെപി ഡീലിന്റെ നിജസ്ഥിതി പുറത്ത് വന്ന് തുടങ്ങിയെന്നും നാദാപുരം, വടകര മണ്ഡലങ്ങളിൽ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചുവെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് സംഘടനാ നേതാക്കളെ പുറത്താക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോ- ലീ- ബി (കോൺഗ്രസ്, മുസ്ലിം ലീഗ്, ബിജെപി) സഖ്യത്തിന്റെ അതേ പാതയിലാണ് ബിജെപി-കോൺഗ്രസ് ഡീലെന്നും ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് ഡീൽ നടന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.

സംഘർഷങ്ങൾ സൃഷ്ടിക്കാനും ഇടത് പ്രവർത്തകരെ ആക്രമിക്കാനും ശ്രമമുണ്ടെന്നും പ്രകോപനങ്ങളെ ജാഗ്രതയോടെ കാണണമെന്ന് പ്രവർത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസിനെതിരായ ആക്രമണങ്ങളിലും ബിജെപി പ്രവർത്തകരുടെ പങ്കുണ്ടെന്ന് ആരോപിച്ച ഗോവിന്ദൻ, ടി പി സെൻകുമാറും ആർ ശ്രീലേഖയും ഇതിന് നേതൃത്വം നൽകുന്നുവെന്നും ആരോപിച്ചു. അതേസമയം, നിതിൻ രാജിന്റെ ആത്മഹത്യ ഗൗരവകരമാണെന്നും ജാതീയത സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുവെന്നതിന് ഇത് തെളിവാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വിദ്യാർത്ഥികളെ പീഡിപ്പിക്കുന്ന സംഭവങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിരോധം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം ഒറ്റപ്പെട്ടതായാലും ഗൗരവത്തോടെ കാണണമെന്നും പ്രതികളായവരെ അറസ്റ്റ് ചെയ്യാൻ ജാഗ്രതയോടെയുള്ള ഇടപെടൽ വേണമെന്നും കുറ്റവാളികൾ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ തടയണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

നന്ദഗോവിന്ദം ഭജൻസിനെതിരായ ആക്രമണത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. കേരളം കൊണ്ടുനടക്കുന്ന മതസൗഹാർദത്തിന്റെ വിവിധ രൂപങ്ങൾ നാം കണ്ടിട്ടുണ്ട്. അത് വെട്ടിമാറ്റാനുള്ള നീക്കമാണ് ഇത്തരം ശക്തികൾ ചെയ്യുന്നതെന്നും മതസൗഹാർദ്ദം ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് ഇതെന്നും അദ്ദേഹം വിമര്‍ശിച്ചു.

YouTube video player