'50 കൊല്ലത്തിനപ്പുറത്തെ വിജയത്തിൻറെ തുടക്കമാണ് കെ- റെയിൽ പദ്ധതി'
കോട്ടയം : അവസരം കിട്ടിയാൽ കെ-റെയിൽ സൃഷ്ടിക്കുക തന്നെ ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആ അവസരം കിട്ടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ജനകീയ പ്രതിരോധയാത്രയിൽ പറഞ്ഞു. 50 കൊല്ലത്തിനപ്പുറത്തെ വിജയത്തിൻറെ തുടക്കമാണ് കെ- റെയിൽ പദ്ധതി. നാളെ വരാൻ പോകുന്നത് ഇന്ന് മനസ്സിലാക്കി, ശാസ്ത്ര- സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി, കേരളത്തെ എങ്ങനെ നവീകരിക്കാമെന്ന് പ്രവർത്തിച്ച് കാണിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളതെന്നും എം വി ഗോവിന്ദൻ കോട്ടയത്ത് പറഞ്ഞു.
ഓർത്തഡോക്സ് സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച
കോട്ടയത്ത് ഓർത്തഡോക്സ് സഭാ പ്രതിനിധികളുമായി സി പി എം സംസ്ഥാന സെക്രട്ടറി കൂടിക്കാഴ്ച നടത്തി. സഭാ തർക്ക വിഷയത്തിൽ സർക്കാർ നീക്കത്തിൽ ഓർത്തഡോക്സ് സഭാ നേതൃത്വം പ്രതിഷേധം പരസ്യമാക്കിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച. സഭാ സെക്രട്ടറി ബിജു ഉമ്മൻ, സിനഡ് സെക്രട്ടറി മെത്രാപ്പൊലീത്ത, അത്മായ സെക്രട്ടറി റോണി വർഗീസ് എന്നിവരടങ്ങുന്ന സഭാ പ്രതിനിധികളാണ് പാർട്ടി സെക്രട്ടറിയെ കണ്ടത്. തങ്ങളുടെ നിലപാട് പാർട്ടി സെക്രട്ടറിയെ അറിയിച്ചതായി ഓർത്തഡോക്സ് സഭ അറിയിച്ചു. കോട്ടയത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച്ച. സഭാതർക്കത്തിൽ നിയമനിർമാണത്തിനൊരുങ്ങുന്ന സർക്കാർ നീക്കമാണ് ഓർത്തഡോക്സ് സഭയുടെ പ്രതിഷേധത്തിന് കാരണം. കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു നിന്നു.
