കൊച്ചി: എറണാകുളം തൃക്കാക്കരയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം സിയാദ്  ആത്മഹത്യ ചെയ്ത സംഭവത്തിൽ പാർട്ടി നേതാക്കൾക്കെതിരായ  ആത്മഹത്യ കുറിപ്പ് പുറത്ത്. കളമശ്ശേരി ഏരിയാ സെക്രട്ടറി വിഎ സക്കീർ ഹുസൈൻ അടക്കമുള്ളവരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പിൽ ഉള്ളത്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിന് പരാതി നൽകി.

സിപിഎം ഭരണത്തിലുള്ള അയ്യനാട് സഹകരണ ബാങ്ക് വഴി ലോക്കൽ കമ്മിറ്റി അംഗങ്ങൾ പ്രളയ ദുരിതാശ്വാസ തുക തട്ടിയെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്  ബാങ്ക് ഭരണ സമിതി അംഗം സിയാദ് ആത്മഹത്യ ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വീടിനകത്ത് സിയാദ് തൂങ്ങിമരിച്ചത്.  തട്ടിപ്പിൽ നേതാക്കളുടെ പങ്ക് തുറന്നു പറയുമെന്ന് വെളിപ്പെടുത്തിയതിന്  സിയാദിനെ  പാർട്ടി അച്ചടക്ക നടപടി എടുത്ത് പുറത്താക്കാൻ ശ്രമിച്ചെന്നും ഇതിന്‍റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിന് പിറകെയാണ് ആത്മഹത്യ കുറിപ്പ് പുറത്ത് വരുന്നത്. 

സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ, അയ്യനാട് ബാങ്ക് പ്രസിഡന്‍റും ലോക്കൽ സെക്രട്ടറിയുമായ  കെ ആർ ജയചന്ദ്രന്‍, ബ്രാഞ്ച് സെക്രട്ടറി കെ പി നിസാർ എന്നിവരാണ് തന്‍റെ മരണത്തിന് കാരണക്കാരെന്നും സക്കീർ ഹുസൈൻ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചെന്നും ആത്മഹത്യ കുറിപ്പിലുണ്ട്.   എന്നാൽ സിപിഎം ഈ ആരോപണം തള്ളുകയാണ്. സ്വഭാവ ദൂഷ്യത്തിന് നടപടിയെടുക്കുമെന്ന് ചൂണ്ടികാട്ടി സിയാദിന് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പ്രളയ ഫണ്ട് തട്ടിപ്പുമായി ഇതിന് ബന്ധമില്ലെന്നും സക്കീർ ഹുസൈൻ പ്രതികരിച്ചു.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, ആത്മഹത്യ ചെയ്ത സിയാദിന്‍റെ സഹോദരനാണ് തൃക്കാക്കര പൊലീസിനെ സമീപിച്ചിട്ടുള്ളത്. സക്കീർ ഹുസൈൻ അടക്കമുള്ളവരുടെ അറസ്റ്റ് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക