പൊളിറ്റിക്കല്‍ ക്രിമിനല്‍ പ്രയോഗം സിപിഎമ്മിനെതിരെ സുധാകരന്‍ പതിവാക്കിയതോടെയാണ് പാര്‍ട്ടി നിയമവഴി തേടുന്നത്.
തിരുവനന്തപുരം: ജി. സുധാകരന്‍റെ പൊളിറ്റിക്കല്‍ ക്രിമിനല്‍ പരാമര്‍ശത്തിനെതിരെ നിയമനടപടിക്ക് സിപിഎം. ആലപ്പുഴ നഗരസഭ പാര്‍ലമെന്‍റി പാര്‍ട്ടി നേതാവും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ വി.ജി.വിഷ്ണുവാണ് സുധാകരനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. പൊളിറ്റിക്കല്‍ ക്രിമിനല്‍ പ്രസ്താവന പിന്‍വലിച്ച് ഖേദ പ്രകടനം നടത്തണമെന്നാണ് സിപിഎം ആവശ്യം. പാര്‍ട്ടിയോട് പിണങ്ങി തുടങ്ങിയ കാലം മുതല്‍ ജി. സുധാകരന്‍ ഉപയോഗിക്കുന്ന വാക്കാണ് പൊളിറ്റിക്കല്‍ ക്രിമിനല്‍.
ആലപ്പുഴയിലെ സിപിഎം നേതൃത്വത്തെ ക്രിമിനല്‍ സംഘമാണ് നയിക്കുന്നതെന്ന സൂചനയോടെ സുധാകരന്‍ ആവര്‍ത്തിക്കുന്ന ഈ പ്രയോഗം രാഷ്ട്രീയമായി പാര്‍ട്ടിക്കുണ്ടാക്കിയ തിരിച്ചടി ചെറുതല്ല. തിരഞ്ഞെടുപ്പ് ജയത്തിനു ശേഷവും സുധാകരന്‍ ഈ പ്രയോഗത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമായതോടെയാണ് പാര്‍ട്ടി നിയമവഴി തേടുന്നത്. എംഎല്‍എ എന്ന നിലയില്‍ പങ്കെടുക്കുന്ന പൊതുവേദികളില്‍ സിപിഎമ്മിനെതിരെ സുധാകരന്‍ സംസാരിച്ചാല്‍ പ്രതിരോധിക്കുമെന്ന് സിപിഎം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിയമവഴിയിലൂടെയും സുധാകരന്‍റെ വായടപ്പിക്കാനുളള പാര്‍ട്ടി നീക്കം.
