സിപിഐയുമായി പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കും. സിപിഐ മന്ത്രിമാർ കൂടി പങ്കെടുത്താണ് ഓർഡിനൻസ് സംബന്ധിച്ച് തീരുമാനമെടുത്തത്.
തിരുവനന്തപുരം: ഉത്തർപ്രദേശ് (Uttarpradesh) മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ (Yogi Adityanath) തിരുത്താൻ കേരളത്തിലെ ബിജെപി (BJP) നേതാക്കൾ രംഗത്ത് വരണമെന്ന് സിപിഎം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). യോഗി കേരളത്തെക്കുറിച്ച് തെറ്റായ ചിത്രം നൽകാൻ ശ്രമിച്ചു. യുപിയിൽ ബിജെപി തോറ്റാൽ ജനങ്ങൾക്ക് നേട്ടമായിരിക്കും. അവിടെ കാട്ടുനീതിയാണ് നടക്കുന്നത്. സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതാണ്. യോഗിയുടെ വിവാദ പരാർശത്തെത്തുടർന്ന് കേരള താൽപ്പര്യം ഉയർത്തിപ്പിടിക്കുന്ന ചർച്ച രാജ്യത്തുണ്ടായി എന്നും കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
സിപിഎം സമ്മേളനം മാർച്ച് ഒന്നു മുതൽ
സിപിഎം സമ്മേളനം മാർച്ച് ഒന്ന് മുതൽ നാല് വരെ എറണാകുളത്ത് നടക്കും. പ്രതിനിധികൾ ആർടിപിസിആർ ടെസ്റ്റ് നടത്തിയിട്ട് വരണമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സമ്മേളനത്തിനായി ഫണ്ട് ബഹുജനങ്ങളിൽ നിന്ന് സ്വീകരിക്കും. ഈ മാസം 21 പതാക ദിനമായി ആചരിക്കും. ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളിൽ നടക്കും. പ്രതിനിധി സമ്മേളനം മാത്രമേ ഉണ്ടാകൂ. ഫെബ്രുവരി 26ന് 4 മണിക്ക് കരട് രാഷ്ട്രീയ പ്രമേയം ഓൺലൈനായി അവതരിപ്പിക്കും.
ലോകായുക്തയിൽ സിപിഐയുമായി ചർച്ച
ലോകായുക്ത ഭേദഗതി സംബന്ധിച്ച അഭിപ്രായവ്യത്യാസത്തെക്കുറിച്ച് സിപിഐയുമായി ചർച്ച ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഐയുമായി പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കും. സിപിഐ മന്ത്രിമാർ കൂടി പങ്കെടുത്താണ് ഓർഡിനൻസ് സംബന്ധിച്ച് തീരുമാനമെടുത്തത്. ഓർഡിനൻസ് നിലവിൽ വന്നു. ഇനി ചർച്ച എന്തിനാണ്. ചർച്ചയ്ക്ക് അവസരമുണ്ടായിരുന്നു, അന്നു ചർച്ച നടന്നില്ല. ഇനി ബില്ല് വരുമ്പോൾ ചർച്ച നടക്കട്ടെ. മന്ത്രിസഭ ഒരു തവണ മാറ്റി വച്ച വിഷയമാണ് ഇത് എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
