തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ത്ഥിക്കെതിരെ കടുത്ത വര്‍ഗീയത പ്രചരിപ്പിക്കുന്ന സിപിഎം മതേതര കേരളത്തിന് അപമാനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പേരാമ്പ്ര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശം സിപിഎം ക്യാമ്പ് നടത്തുന്നത്

കോഴിക്കോട് : തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ത്ഥിക്കെതിരെ കടുത്ത വര്‍ഗീയത പ്രചരിപ്പിക്കുന്ന സിപിഎം മതേതര കേരളത്തിന് അപമാനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പേരാമ്പ്ര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശം സിപിഎം ക്യാമ്പ് നടത്തുന്നത്. പരാജയ ഭീതികാരണം തീവ്ര വര്‍ഗീയ സംഘടനകളെപ്പോലും നാണിപ്പിക്കും വിധമാണ് സിപിഎം പ്രചരണം നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കാഫിര്‍ സ്‌ക്രീന്‍ ഷോര്‍ട്ട് പ്രചരിപ്പിച്ച് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന്റെ മറ്റൊരു പതിപ്പാണിത്. പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞും ജനങ്ങളില്‍ വിദ്വേഷവും വളര്‍ത്തിയും തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന അപകടകരമായ സമീപനമാണ് സിപിഎമ്മിന്റെത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് സിപിഎം നടപടി. സിപിഎമ്മും എല്‍ഡിഎഫും നേരിടുന്ന ആശയ ദാരിദ്ര്യത്തിന്റെയും രാഷ്ട്രീയ പാപ്പരത്തിന്റെയും തെളിവാണിത്. മത വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെ നടപടി ചുടുചോറ് വാരുന്നതിന് തുല്യമാണ്. സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധമുഖവും കപട മതേതരത്വവും തുറന്നുകാട്ടുന്നതാണിത്. ബിജെപിയുമായും മറ്റു തീവ്രസ്വഭാവമുള്ള സംഘടനകളുമായുള്ള ചങ്ങാത്തമാണ് ഇത്തരമൊരു ഹീന പ്രചരണത്തിന് സിപിഎമ്മിനെ പ്രേരിപ്പിച്ചത്. ഇത് ക്രിമിനല്‍ കുറ്റമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.