വ്യാജ വെബ്സൈറ്റില്‍ ടൈപ്പ് ചെയ്യുന്ന വിവരങ്ങൾ തല്‍സമയം ചോർത്തിയെടുത്താണ് സംഘം പണം തട്ടുന്നത്. ഉന്നത ഉദ്യോഗസ്ഥർ പോലും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

കോഴിക്കോട്: പ്രമുഖ ബാങ്കിംഗ് സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ വെബ്സൈറ്റുകളുണ്ടാക്കി പണം തട്ടല്‍ സംസ്ഥാനത്ത് വ്യാപകമാകുന്നു. കോഴിക്കോട്ടെ മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനായ യുവാവിന്‍റെ അക്കൗണ്ടില്‍ നിന്നും മൂന്നര ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം നഷ്ടമായത്. സംഭവത്തില്‍ സൈബർ പൊലീസ് അന്വേഷണം തുടങ്ങി.

സാമ്പത്തിക വർഷം അവസാനിക്കുകയാണ്, ഇടപാടുകളിലൂടെ താങ്കളുടെ ക്രെഡിറ്റ് കാർഡിന് ലഭിച്ച പോയിന്‍റുകൾ പണമാക്കി മാറ്റാന്‍ ഇന്ന് കൂടി മാത്രമേ സാധിക്കൂവെന്ന് പറഞ്ഞാണ് കോഴിക്കോട് തിരുവണ്ണൂർ സ്വദേശിയായ സുമിത് ലാലിന് കഴിഞ്ഞ ദിവസം ഫോൺ കോള്‍ വന്നത്. വ്യക്തിപരമായ ഒരു വിവരങ്ങളും പങ്കുവെക്കേണ്ടതില്ലെന്നും വിവരങ്ങള്‍ വെബ്സൈറ്റില്‍ നല്‍കിയാല്‍ മതിയെന്നും പറ‌ഞ്ഞായിരുന്നു ഫോൺ കോള്‍. വെബ്സൈറ്റ് പരിശോധിച്ചപ്പോഴും സംശയം തോന്നിയില്ല. വിവരങ്ങൾ ടൈപ്പ് ചെയ്തു നല്‍കി നിമിഷങ്ങൾക്കകം മൂന്ന് ലക്ഷത്തി നാല്‍പത്തൊന്നയിരത്തി നാനൂറ്റി അന്‍പത്തേഴ് രൂപയാണ് ക്രെഡിറ്റ് കാർഡില്‍ നിന്നും പോയത്.

യുവാവ് നല്‍കിയ പരാതിയില്‍ കോഴിക്കോട് സൈബർ പൊലീസ് അന്വേഷണം തുടങ്ങി. ബാങ്കിനും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, തട്ടിപ്പ് വെബ്സൈറ്റ് ഇപ്പോഴും സജീവമാണ്. സമാന രീതിയില്‍ പണം നഷ്ടപ്പെട്ട നിരവധി പേർ പരാതിയുമായി എത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഡാർക്ക് നെറ്റില്‍നിന്നാണ് അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ തട്ടിപ്പ് സംഘങ്ങൾക്ക് ലഭിക്കുന്നത്. വ്യാജ വെബ്സൈറ്റില്‍ ടൈപ്പ് ചെയ്യുന്ന വിവരങ്ങൾ തല്‍സമയം ചോർത്തിയെടുത്താണ് സംഘം പണം തട്ടുന്നത്. ഉന്നത ഉദ്യോഗസ്ഥർ പോലും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

YouTube video player