തിരുവനന്തപുരം: ഇന്നലെ കൊവിഡ് ബാധിച്ചു മരിച്ച വൈദികൻ ഫാദർ കെജി വർഗ്ഗീസിൻ്റെ സംസ്കാരം വൈകുന്നു. ഇന്നലെ രാവിലെയോടെ അദ്ദേഹം മരണപ്പെട്ടെങ്കിലും ഇതുവരേയും സംസ്കാരം നടന്നിട്ടില്ല. മൃതദേഹം മറവു ചെയ്യാനായി മലമുകളിൽ പള്ളിയിൽ പത്തടി ആഴത്തിൽ കുഴിയെടുത്തെങ്കിലും ഒരു വിഭാഗം നാട്ടുകാർ സംസ്കാരം തടഞ്ഞു. 

വൈദികൻ്റെ മൃതദേഹം മറ്റൊരിടത്ത് സംസ്കരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. കുഴിയെടുക്കുന്നതിന് നേതൃത്വം നൽകാനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനവും നാട്ടുകാർ തടഞ്ഞു. നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നാട്ടുകാരുമായി ചർച്ച നടത്തി. സ്ഥലത്ത് എത്തിയ പൊലീസും നാട്ടുകാരും തമ്മിൽ ചർച്ച നടക്കുകയാണ്. 

മലമുകളിലെ പള്ളിയിൽ മൃതദേഹം സംസ്കാരിക്കുന്നത് വിലക്കി ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്ന് പറഞ്ഞാണ് നാട്ടുകാർ സംസ്കാരം തടയുന്നത്. എന്നാൽ ഈ ഉത്തരവ് ഇതുവരെ ഹാജരാക്കാൻ പ്രതിഷേധക്കാർക്ക് സാധിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. പ്രശ്നം പരിഹരിക്കാൻ മേയറും ജില്ലാ കളക്ടറും ഇടപെടുന്നുണ്ട്. 

നാലാഞ്ചിറയിലുള്ള വൈദികൻ്റെ ഇടവകയിൽ തന്നെ സംസ്കാരിക്കാനായിരുന്നു ആദ്യം ആലോചിച്ചതെങ്കിലും ഇവിടെ ആഴത്തിൽ കുഴിയെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് പുതിയ സ്ഥലം കണ്ടെത്തിയത്. ഇന്നലെ മരണപ്പെട്ട വൈദികൻ്റെ മൃതദേഹം ഇന്നലെ മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണുള്ളത്. പ്രശ്നം പരിഹരിച്ച ശേഷം മാത്രമേ മൃതദേഹം ഇവിടേക്ക് കൊണ്ടു വരൂ. 

അതേസമയം വൈദികന് കൊവിഡ് ബാധ എവിടെ നിന്നാണെന്ന് കണ്ടെത്താനാകാത്തത് സംസ്ഥാനത്തെ രോഗവ്യാപനത്തിൽ ആശങ്ക കൂട്ടുന്നു. ഒന്നര മാസത്തോളമായി ചികിത്സയിലുണ്ടായിരുന്ന വൈദികൻറെ രോഗബാധ ആശുപത്രികളുടെ സുരക്ഷിതത്വത്തെ പറ്റിയുളള സംശയങ്ങളും വർദ്ധിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെയും പേരൂർക്കട ജില്ലാ ആശുപത്രിയിലെയും 19 ഡോക്ടർമാർ അടക്കം 32 ആരോഗ്യപ്രവർത്തകരെ ഇതിനോടം ക്വാറൻ്റൈനിലേക്ക് മാറ്റിയിട്ടുണ്ട്.

രോഗവ്യാപനതോത് കൂടിയ സംസ്ഥാനത്തെ കോവിഡ് മൂന്നാം ഘട്ടത്തിൽ സ്ഥിതി സങ്കീർണ്ണമാക്കുന്ന കേസാണ് ഫാദർ കെജി വർഗ്ഗീസിൻറെ മരണം. വാഹന അപകടത്തെ തുടർന്ന് ഏപ്രിൽ 20നാണ് വൈദികനെ ആദ്യം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മെയ് 20ന് പേരൂർക്കട ജില്ലാ ആശുപത്രിയിലേക്ക് മെയ് 20ന് മാറ്റി. പിന്നീട് പനി മൂലം 23 നും 27നും മെഡിക്കൽ കോളേജാശുപത്രിയിലെത്തി പരിശോധിച്ച ശേഷം പേരൂർക്കടയിലേക്ക് തന്നെ കൊണ്ട് പോയിരുന്നും. കടുത്ത ശ്വാസതടസ്സം മൂലം 31 ന് വീണ്ടും മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ഒന്നരമാസത്തോളമായി രണ്ട് ആശുപത്രികളിൽ നിന്നും പുറത്തേക്ക് പോകാതിരുന്ന വൈദികന് എവിടെ നിന്നാണ് രോഗബാധ എന്നത് കണ്ടെത്തനാകുന്നില്ല. ആശുപത്രിയിൽ നിന്നാകാം രോഗബാധ എന്ന സംശയം ബലപ്പെടുന്നുണ്ട്. കൊവിഡ് ലക്ഷണങ്ങൾ നേരത്തെ കണ്ടു തുടങ്ങിയിട്ടും വൈദികൻറെ സ്രവം പരിശോധനക്കായെടുക്കാൻ വൈകിയെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്. 

ഒന്നിനായിരുന്നു പരിശോധനക്കായി സ്രവമെടുത്തത്. രണ്ടിന് അദ്ദേഹം മരിച്ചു. നേരത്തെ കണ്ണൂരിലും കാസ‍ർകോട്ടെ ആശുപത്രിയിലും വിവിധ രോഗങ്ങൾക്ക് ചികിത്സ തേടിയെത്തിയവർക്ക് കൊവിഡ് ബാധിച്ചിരുന്നു. വൈദികൻറെ സമ്പർക്കപട്ടിക ഇതുവരെ തയ്യാറാക്കാനായിട്ടില്ല. ഉറവിടമില്ലാത്ത രോഗികളുടെ എണ്ണം കൂടുന്നതിലാണ് വലിയ ആശങ്ക. ഒപ്പം സമ്പർക്കത്തിലൂടെ മൂന്നാം ഘട്ടത്തിൽ  86 പേർക്ക് രോഗമുണ്ടായതും മറ്റൊരു ആശങ്ക