രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിൽ പരാതി നൽകിയവരുടെ മൊഴിയെടുത്ത് അന്വേഷണ സംഘം. അതേസമയം, ആരോപണം ഉന്നയിച്ച യുവനടിയടക്കം രണ്ടുപേര്‍ നിയമനടപടിയുമായി മുന്നോട്ടുപോകാൽ താൽപര്യമില്ലെന്ന് പൊലീസിനെ അറിയിച്ചു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് ആരോപണമുന്നയിച്ച രണ്ടു യുവതികള്‍. ക്രൈം ബ്രാഞ്ചിനോടാണ് ഇക്കാര്യം അറിയിച്ചത്. ഗർഭഛിദ്രം നടത്തിയെന്ന ആരോപണത്തിൽ യുവതിയിൽ നിന്നും ക്രൈം ബ്രാഞ്ച് വൈകാതെ മൊഴിയെടുക്കും. അതിനിടെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നാലു യൂത്ത് കോണ്‍ഗ്രസുകാരെ കൂടി പ്രതി ചേർത്തു.

സ്ത്രീകളെ പിന്നാലെ നടന്നു ശല്യം ചെയ്തതിനാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസാണ് സ്വമേധയാ കേസെടുത്തത്. വിവിധ മാധ്യമങ്ങളിൽ യുവതികള്‍ ആരോപണവുമായി വന്നതിന് പിന്നാലെയായിരുന്നു കേസ് . ഇതിൽ ആരോപണം ഉന്നയിച്ച യുവനടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. രാഹുലിൽ നിന്നുമുണ്ടായ മോശം അനുഭവം പൊലിസിനോട് പറഞ്ഞുവെങ്കിലും നിയമനടപടിക്കില്ലെന്ന് യുവതി അറിയിച്ചു. മൊഴി നൽകാൻ പോലുമില്ലെന്നാണ് ട്രാൻസ്ജെൻഡര്‍ യുവതി അറിയിച്ചത്. 

പൊലിസ് പിന്നീട് വിളിച്ചുവെങ്കിലും ഇവർ പ്രതികരിച്ചില്ല. ഇവരെ വീണ്ടും മൊഴിയെടുക്കാൻ വിളിക്കും. അതേ സമയം ഗർഭഛിദ്രവുമായി ബന്ധപ്പെട്ട പുറത്തുവന്ന ശബ്ദരേഖയിലെ യുവതിയോടുും ക്രൈം ബ്രാഞ്ച് സംസാരിച്ചു. നിയമനടപടിയുമായി മുന്നോട്ടുപോകുന്ന കാര്യം പിന്നീട് അറിയിക്കാമെന്നാണ് യുവതി അറിയിച്ചത്. അതേ സമയം രാഹുലിനെതിരെ കൂടുുതൽ പരാതികളുമെത്തുന്നുണ്ട്. 

രാഹുലിൽ നിന്നും മോശം അനുഭവമുണ്ടായ ഏതെങ്കിലും സ്ത്രീ നേരിട്ട് മൊഴി നൽകിയാൽ രാഹുലിന് കുരുക്ക് മുറുകും. അതിനിടെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ രേഖയുണ്ടാക്കിയെന്ന കേസിൽ അഞ്ചു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ കൂടി ക്രൈം ബ്രാഞ്ച് പ്രതി ചേർത്തു. നൂബിൻ ബിനു, ചാർലി, അശ്വന്ത് എസ്, കുമാർ എസ് എന്നിവരെയാണ് പ്രതിചേർത്തത്

YouTube video player