അനാവൂർ നാഗപ്പന്‍റെ മൊഴിയെടുക്കാൻ ഇനി ശ്രമിക്കില്ല. ടെലിഫോണിൽ എടുത്ത മൊഴി മതിയെന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം.  

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രാഥമികാന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം. മേയറുടെ പരാതിയിൽ സത്യാവസ്ഥ കണ്ടെത്താൻ യഥാർത്ഥ കത്ത് കണ്ടെത്തണമെന്ന് പ്രാഥമിക അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം പറയുന്നു. ഇതിനായി കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഉടൻ ഡിജിപിക്ക് റിപ്പോർട്ട് നൽകും. തന്‍റെ പേരിൽ തന്‍റേതല്ലാത്ത കത്ത് പ്രചരിക്കുന്നു എന്ന് മേയർ പകർപ്പ് അടക്കം രേഖാമൂലം പരാതി നൽകിതോടെ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ മറ്റ് തടസങ്ങളില്ല. കത്തയച്ചിട്ടില്ലെന്ന് മേയറും കിട്ടിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പറയുമ്പോള്‍ അന്വേഷണ സംഘത്തിന്‍റെ കൈവശം കിട്ടിയത് കത്തിന്‍റെ സ്ക്രീൻ ഷോട്ട് മാത്രമാണ്. 

കത്ത് കണ്ടെത്താതെ കൂടുതൽ ആളുകളുടെ മൊഴിയെടുക്കുന്നതിലും കാര്യമില്ല. ഈ സാഹചര്യത്തിൽ ടെലിഫോണിലൂടെ മൊഴി നൽകിയ ആനാവൂരിനെ തത്കാലം നേരിട്ട് കണ്ട് മൊഴിയെടുക്കേണ്ടെന്നും അന്വേഷണ സംഘം കരുതുന്നു. ഇതിനോടകം യഥാർത്ഥ കത്ത് നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ഫോറൻസിക് പരിശോധന നടത്താനാവാതെ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് പ്രതിപക്ഷ ആരോപണം. സമാനമായ മറ്റൊരു കത്ത് അയച്ച പാർലമെന്‍ററി പാർട്ടി നേതാവ് ഡി ആർ അനില് ക്രൈംബ്രാഞ്ചുമായി ഇതുവരെ സഹകരിച്ചിട്ടില്ല. ഈ കത്ത് സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് മുന്നിൽ പരാതികൾ ഇല്ല. മേയറുടെ പേരിലെ കത്തിൽ ഡി ആർ അനിലിന്‍റെ മൊഴിയെടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. 

അതേസമയം കത്തിന് പിന്നിലെ അഴിമതി പരാതി അന്വേഷിക്കുന്ന വിജിലൻസ് സംഘം നാളെ കോർപറേഷൻ ജീവനക്കാരുടെ മൊഴിയെടുക്കും. ഈ കത്തിന്‍റെ അടിസ്ഥാനത്തിൽ നിയമനങ്ങൾ നടക്കാത്ത സാഹചര്യത്തിൽ വിജിലൻസ് അന്വേഷണത്തിന്‍റെ മുന്നോട്ടുപോക്കും പ്രതിസന്ധിയിലാണ്. അതേസമയം ഇന്ന് നടക്കുന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയോഗത്തിൽ വിഷയം ചർച്ചയാകും. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് മേയർക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.