തിരുവനന്തപുരം: സിസ്റ്റർ അഭയ കേസില്‍ കോടതിയിൽ നിന്നും വാങ്ങിയ തൊണ്ടിമുതലുകള്‍ ക്രൈംബ്രാഞ്ച് സംഘം തിരികെ നൽകിയില്ലെന്ന് സാക്ഷിമൊഴി. കോട്ടയം ആർഡിഒ കോടതിയിൽ നിന്നും വാങ്ങിയ എട്ട് തൊണ്ടിമുതലുകള്‍ തിരികെ നൽകിയില്ലെന്നാണ് മൊഴി. കോടതിയിലെ മുൻ ജീവനക്കാരൻ മുരളീധീരനാണ് തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകിയത്. കോടതി തൊണ്ടിമുതലുകൾ നശിപ്പിച്ചിട്ടില്ലെന്നും  സാക്ഷി മൊഴി നൽകി.

ആദ്യ അന്വേഷണ സംഘമായ ക്രൈംബ്രാഞ്ച് വാങ്ങിയ തൊണ്ടിമുതലുകൾ തിരികെ നൽകിയിരുന്നില്ലെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്നു പൊലീസുകാരൻ ശങ്കരനും നേരത്തെ കോടതിയിൽ മൊഴി നൽകിയിരുന്നു. കോട്ടയം ആർഡിഒ കോടതിയിൽ നിന്നും വാങ്ങിയ അഭയയുടെ തൊണ്ടി മുതലുകള്‍ തിരികെ നൽകാൻ തന്നെ ഏൽപ്പിച്ചിരുന്നുവെന്ന് മുൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി സാമുവൽ സിബിഐക്ക് നൽകിയ മൊഴി കളവാണെന്ന് ശങ്കരൻ കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു.

തൊണ്ടിമുതലുകൾ  തിരികെ നൽകിയെന്ന് അഭയ കേസ് ആദ്യം അന്വേഷിച്ച ഡിവൈഎസ്‍പി സാമുവൻ കേസ് ഡയറിയിൽ എഴുതിയതിനെ കുറിച്ച് തനിക്കറിവില്ലെന്നും ശങ്കരൻ കോടതിയിൽ നേരത്തെ മൊഴി നൽകിയിരുന്നു. കോടതിയിൽ നിന്നും വാങ്ങികൊണ്ടുപോയ തൊണ്ടി മുതൽ സാമുവൽ തിരികെ നൽകിയില്ലെന്ന് കോടതി ജീവനക്കാരയായിരുന്ന ജോണും ദിവാകരൻ നായരും നേരത്തെ മൊഴി നൽകിയിരുന്നു.