2023 സെപ്റ്റംബറിലാണ് രാഹുലിനെ പരിചയപ്പെട്ടതെന്നും വാട്സാപ്പിൽ തുടര്‍ച്ചയായി സന്ദേശം അയച്ചുവെന്നും യുവതിയുടെ മൊഴി. മൂന്നു മണിക്കൂറോളം അതിക്രൂരമായി പീഡിപ്പിച്ചുവെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷനാണന്ന പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും മൊഴി.

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ പീഡന പരാതി നൽകിയ യുവതി പൊലീസിന് നൽകിയ മൊഴിയിലെ വിശദാംശങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 2023 സെപ്റ്റംബറിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടതെന്നും രാഹുൽ വാട്സാപ്പിൽ തുടര്‍ച്ചയായി സന്ദേശം അയച്ചുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങള്‍ പറഞ്ഞ് അടുപ്പം സ്ഥാപിക്കുകയായിരുന്നു. വിവാഹ മോചിതയായി വന്നാൽ ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. 2024 ഏപ്രിൽ എട്ടിന് ജീവിതത്തേക്കുറിച്ച് സംസാരിക്കാനാണ് ഹോട്ടലിൽ വിളിച്ചുവരുത്തിയതെന്നും യുവതിയുടെ മൊഴിയിലുണ്ട്. മൂന്നു മണിക്കൂറോളം അതിക്രൂരമായി പീഡിപ്പിച്ചു. പീഡനശേഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനാണന്ന പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി. ചെരിപ്പും അടിവസ്ത്രങ്ങളും വാങ്ങിപ്പിച്ചു. ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ അധിക്ഷേപിച്ചു. പോയി ഡി എൻ എ പരിശോധിക്കാൻ പറഞ്ഞു.ഡി എൻ എ സാംപിൾ തരാൻ രാഹുൽ തയാറായില്ല. ഇതിനിടെ ഗർഭം അലസി. അലസിയശേഷം രാഹുൽ വീണ്ടും സൗഹൃദം തുടങ്ങി. 2024 ഏപ്രിൽ 26ന് വടകരയിൽ ഫ്ലാറ്റിൽ വരാൻ ആവശ്യപ്പെട്ടെന്നും മൊഴിയിലുണ്ട്.

ഉപതിരഞ്ഞെടുപ്പ് സമയത്ത് ജീവിക്കാൻ വകയില്ലന്ന് പറഞ്ഞ് 10000 രൂപ വാങ്ങി. എംഎൽഎ ആയശേഷം ഫ്ലാറ്റ് വാങ്ങാമെന്ന് രാഹുൽ പറഞ്ഞു. പണമില്ലാത്തതിനാൽ ഫ്ലാറ്റ് വാങ്ങിയില്ലെന്നും യുവതിയുടെ മൊഴിയിലുണ്ട്. യുവതിയുടെ പരാതിയിലെടുത്ത കേസിലാണ് രാഹുൽ ഇന്നലെ അര്‍ധരാത്രിയോടെ കസ്റ്റഡിയിലാകുന്നത്. പൊലീസിന് രഹസ്യമായി ലഭിച്ച മൂന്നാം പരാതിയിൽ ഉടൻ അറസ്റ്റ് വെണമെന്ന് മുഖ്യമന്ത്രി ഇന്നലെ രാത്രി നൽകിയ നിർദ്ദേശമാണ് അപ്രതീക്ഷിത അറസ്റ്റിലേക്ക് നയിച്ചത്. പാലക്കാട് ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച ശേഷമാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പുറത്തുവരുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും രാഹുൽ പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചു. മാവേലിക്കര സബ് ജയിലിലേക്കാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്.

രണ്ട് ബലാത്സംഗ കേസുകളിൽ അറസ്റ്റ് നീട്ടിക്കിട്ടിയതിന്‍റെ ആശ്വാസത്തിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ മൂന്നാം ബലാത്സംഗ പരാതിയിലാണ് ഒടുവിൽ അറസ്റ്റിലാകുന്നത്. വിദേശത്തുള്ള പരാതിക്കാരി ഇ- മെയിലിൽ ഡിജിപിക്ക് നൽകിയ പരാതിയിൽ അതീവരഹസ്യമായായിട്ടായിരുന്നു എസ്ഐടി നീക്കങ്ങൾ. 2024 ഏപ്രിലിൽ തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. വീഡിയോ കാളിലൂടെ യുവതിയുടെ മൊഴി രേഖപ്പെടുത്തി എസ്ഐടി വിവരങ്ങൾ രഹസ്യമാക്കി വെച്ചു. എഫ്ഐആർ വിവരങ്ങൾ ചോരാതിരിക്കാൻ പത്തനംതിട്ട എസ്പി മജിസ്ട്രേറ്റിനെ രഹസ്യമായി അറിയിച്ചു. വിദേശത്തു നിന്നും പരാതിക്കാരിയെത്തി രഹസ്യമൊഴിക്കു ശേഷം രാഹുലിനെ അറസ്റ്റ് ചെയ്യാമെന്നായിരുന്നു ആദ്യ തീരുമാനം. 

എന്നാൽ, നടപടി വൈകുന്നതിൽ ആശങ്ക അറിയിച്ചും നേരിട്ട അനുഭവങ്ങൾ വൈകാരികയമായി വിവരിക്കുകയും ചെയ്തുള്ള പരാതിക്കാരിയുടെ സന്ദേശം കേട്ടാണ് മുഖ്യമന്ത്രി ഇന്നലെ രാത്രി എട്ടുമണിയോടെ അറസ്റ്റിന് ഡിജിപിക്ക് നിർദ്ദേശം നൽകിയത്. എസ് പി പൂങ്കൂഴലി വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം ചേർത്ത് നടത്തിയ ഓപ്പറേഷനിലൂടെയാണ് പാലക്കാട്ട് കെപിഎം ഹോട്ടലിൽനിന്ന് രാഹുലിനെ അർദ്ധരാത്രി കസ്റ്റഡിയിലെടുക്കുന്നത്. അറസ്റ്റിനെതിരെ രാഹുൽ നാളെ വീണ്ടും ജാമ്യ ഹര്‍ജി നൽകും. ഇന്ന് ജാമ്യഹര്‍ജി നൽകിയെങ്കിലും തള്ളിയിരുന്നു.

YouTube video player