കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ  പ്രവർത്തകൻ ഔഫിന്റെ കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കണ്ണൂർ യൂണിറ്റ് എസ്.പി. കെ.കെ.മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവം സഫലമായ മുണ്ടത്തോട് എത്തി വിവരങ്ങൾ ശേഖരിച്ചു. കേസിൽ ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി.പറഞ്ഞു.

മുഖ്യ പ്രതി ഇർഷാദടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം നാളെ കോടതിയിൽ അപേക്ഷ നൽകും. തുടർന്ന് തെളിവെടുപ്പു നടത്തും. എം.എസ്.എഫ്. പ്രവർത്തകൻ ഹസൻ, യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. 

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മുഖ്യ പ്രതി ഇർഷാദിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്നുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്നായിരുന്നു പൊലീസിൻ്റെ പ്രാഥമിക നിഗമനം.