തിരുവനന്തപുരം: ക്രമക്കേട് നടന്ന പിഎസ്‍സി കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഉദ്യോഗസ്ഥർ പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും തിരിച്ചറിഞ്ഞു. അതേസമയം, വധശ്രമക്കേസിൽ പൊലീസ് അന്വേഷിക്കുന്നതിനിടെ പ്രതിയായ ഗോകുലിനെ പിഎസ്‍സി വിജിലൻസ് അന്വേഷിച്ച് വിട്ടയച്ചതും വിവാദമാകുന്നു.

ശിവരഞ്ജിത്തും നസീമും, പ്രണവും മൂന്ന് പരീക്ഷാ കേന്ദ്രങ്ങളിലാണ് കോണ്‍സ്റ്റബിള്‍ പരീക്ഷയെഴുതിയത്. ഈ കേന്ദ്രങ്ങളിൽ ഇൻവിജിലേറ്റർമാരായിരുന്ന ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയിൽ വാങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. 

ഉദ്യോഗാർത്ഥികളുടെ മൊബൈല്‍ ഫോണുകള്‍ പരീക്ഷാ കേന്ദ്രത്തിനുള്ളിലേക്ക് കടത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. പ്രതികള്‍ സ്മാർട്ട് വാച്ചുകള്‍ കെട്ടിയിരുന്നോ എന്ന കാര്യം ഓർമ്മയില്ലെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. വിവാദമായ പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ പിഎസ്‍സി സെക്രട്ടറി ക്രൈംബ്രാഞ്ചിന് കൈമാറി. ഇവരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.

അതേസമയം, അന്വേഷണത്തിൽ പ്രതികള്‍ക്ക് രക്ഷപ്പെടാൻ പിഎസ്‍സിയുടെ നടപടികള്‍ കാരണമായെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. ക്രമക്കേട് കണ്ടെത്തിയതും പ്രതികള്‍ ഉപയോഗിച്ച മൊബൈലിന്റെ വിശദാംശങ്ങളും പിഎസ്‍സി പുറത്തുവിട്ടിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതികള്‍ ഒളിവിൽ പോയതും തെളിവുകള്‍ നശിപ്പിക്കപ്പെടാൻ ഇടയായതും. യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിലെ പ്രതിയാണ് ക്രമക്കേട് നടന്ന പരീക്ഷയിലെ രണ്ടാം റാങ്കുകാരനായ പ്രണവ്. പൊലീസ് ലുക്കൗട്ട് നോട്ടീസിൽ ഉള്‍പ്പെട്ട പ്രതിയെ പിഎസ്‍സി വിജിലൻസ് വിളിച്ച് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഈ പ്രതിയെ പൊലീസിന് കൈമാറാൻ പിഎസ്‍സി വിജിലൻസ് തയ്യാറായില്ല. പിഎസ്‍സിക്കു മൊഴി നൽകിയതിന് പിന്നാലെയാണ് മുഖ്യസൂത്രധാരനായ പ്രണവ് ഒളിവിൽ പോകുന്നത്. അതേസമയം, ഇന്നലെ കീഴടങ്ങിയ പൊലീസുകാരൻ ഗോകുലിനെ ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡയിൽ വാങ്ങും.