മൊബൈൽ ഫോണുകൾ ഹാജരാക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഇരുവരും നൽകിയിരുന്നില്ല. രണ്ട്‌ നോട്ടീസുകൾ ഇതുമായി ബന്ധപ്പെട്ട് അയച്ചെങ്കിലും നിരസിച്ചതോടെയാണ്‌ നിയമനടപടിയിലേക്ക്‌ അന്വേഷണ സംഘം നീങ്ങുന്നത്. 

കൽപ്പറ്റ: സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയാകാൻ സികെ ജാനുവിന് കോഴ നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ച്. ബിജെപി സംഘടന സെക്രട്ടറി എം ഗണേഷിനെതിരെയും ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയലിനെതിരെയുമാണ് തെളിവുകൾ നശിപ്പിച്ചതിൽ ക്രൈം ബ്രാഞ്ച്‌ കേസെടുക്കുക.

കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനായി മൊബൈൽ ഫോണുകൾ ഹാജരാക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഇരുവരും നൽകിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം രണ്ട്‌ നോട്ടീസുകൾ അയച്ചിരുന്നു. നോട്ടീസ് ഇരുവരും നിരസിച്ചതോടെയാണ്‌ നിയമനടപടിയിലേക്ക്‌ അന്വേഷണ സംഘം നീങ്ങുന്നത്. 

അതിനിടെ സികെ ജാനുവിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് ഇന്ന് പരിശോധന നടത്തി. സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതായാണ് വിവരം. ഇവർക്കെതിരെ ഉയർന്ന കോഴ ആരോപണവുമായി ബന്ധപ്പെട്ടാണ് പരിശോധന. സ്ഥാനാർത്ഥിയാകാൻ ജാനു ബിജെപിയിൽ നിന്നും കോഴ വാങ്ങിയെന്നാണ് ആരോപണം. കെ സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം എം ഗണേഷിന്റെ അറിവോടെയാണ് സികെ ജാനു വിന് പണം നൽകിയതെന്ന് ജെ ആർ പി നേതാവ് പ്രസിദ അഴിക്കോട് മൊഴി നൽകിയിരുന്നു. പ്രശാന്ത് മലവയൽ ബത്തേരിയിലെ റിസോർട്ടിൽ വച്ച് പണം കൈമാറിയെന്നാണ് പ്രസീതയുടെ മൊഴി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.